വരമ്പുകൾ

Audio Clip

അച്ഛന്റെ കൈപിടിച്ച് പാടവരമ്പിലൂടെ നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത്. ഒരാൾക്ക് മാത്രം നടക്കാൻ ഇടമുള്ള പാടവരമ്പുകൾ, അതിൽ തിങ്ങി ഞാനും അച്ഛനും നടക്കും.  

“ എന്താ അച്ഛാ ഈ വരമ്പുകൾക്ക് വീതിയില്ലാത്തത്?” 

“ വരമ്പുകൾ വെറും അതിരുകൾ അല്ലേ, അതിന് ഇത്ര വീതിയെ പാടുള്ളൂ”.  

അച്ഛൻ അന്ന് പറഞ്ഞത് ശരിയാണെന്ന് പിന്നെ പലപ്പോഴും തോന്നി. വളരെ വീതി കുറവായിരുന്നു വരമ്പുകൾക്ക്, അതും പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ. അവ വളരെ ഇടുങ്ങിയതായിരുന്നു. വഴിയിൽനിന്ന് കളിച്ചു താമസിച്ചെത്തുന്ന ദിവസങ്ങളിൽ അച്ഛമ്മ പറയും

“ കുട്ടി അതിരുവിടുന്നുണ്ട് കേട്ടോ” 

അന്നുമുതൽ എനിക്ക് മനസ്സിലായി എന്റെ ചുറ്റും ഞാൻ കാണാത്ത ഒരു വരമ്പ് കെട്ടിയിട്ടുണ്ടെന്ന്. പിന്നെ വരമ്പുകളോട് എനിക്ക് വെറുപ്പായിരുന്നു. എനിക്ക് കളിക്കാൻ സ്വാതന്ത്ര്യം തരാത്ത വരമ്പുകൾ.  എനിക്ക് പെൺകുട്ടികളെക്കാൾ കൂടുതലിഷ്ടം ആൺകുട്ടികളോട് ആയിരുന്നു. പക്ഷേ ആ കൂട്ടത്തിൽ ഇരിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. അവരുടെ ബെഞ്ചിനും ഞങ്ങളുടെ ബെഞ്ചിനും ഇടയിൽ ഒരു ഗ്യാപ് ഉണ്ടാകും, ടീച്ചർക്കുനടക്കാൻ. നമുക്ക് കണ്ണുകൊണ്ട് കാണാനാവാത്ത ഒരു വരമ്പ്. പെൺകുട്ടികൾ പൊതുവേ കുശുമ്പികളായിരുന്നു. ഞാനൊരു പുതിയ പാവാടയിട്ടാൽ അല്ലെങ്കിൽ ഒരു മാല അണിഞ്ഞാൽ അവർ പരസ്പരം അടക്കം പറയും. പക്ഷേ ആൺകുട്ടികൾ പറയും“നന്നായിട്ടുണ്ട്”സ്കൂൾ വിട്ട് വീട്ടിലേക്കു പോകുക ഞാൻ ആൺകുട്ടികൾക്കൊപ്പമാകും. പിന്നെ പിന്നെ അമ്മ അതും വിലക്കി. 

“ നിനക്ക് പെൺകുട്ടികൾ കൂട്ടില്ലേ”

 ഇല്ല എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. 

“ പെൺകുട്ടിയാ കൂടുതൽ അതിരുവിടണ്ട” 

ഇന്നിവിടെ അതിരുകൾ കാണാനില്ല. പക്ഷേ എങ്കിലും മനസ്സിൽ സൂക്ഷിക്കുന്ന ആ അതിരുകളുടെ ഞെരുക്കം അനുഭവപ്പെടും. ചിലപ്പോൾ അത് ശ്വാസം മുട്ടിക്കും.  ലഡാക്കിലെ ഈ മൊണാസ്ട്രിയിൽ ഇരുന്നാൽ എനിക്ക് അതിരുകൾ കാണാം. ഹിമാലയം പണിത അതിരുകൾ, അവ രാജ്യങ്ങളുടെ അതിരുകളാണ്.  മഞ്ഞു മാറിയെത്തിയ സൂര്യന്റെ ക്ഷീണിച്ച പ്രകാശം. സൂര്യനെ കണ്ടിട്ട് ദിവസങ്ങളായി. മഞ്ഞും കാറ്റും ആയിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങൾ. 

“ സ്വാമിജി, കഴിക്കണ്ടേ”

“ അവിടെ വെച്ചോളൂ” ഭക്ഷണം വെച്ച് ആ കുട്ടി പുറത്തുപോയി. ഞാൻ അവളുടെ കണ്ണുകൾ ശ്രദ്ധിച്ചു. അതിന് ശാന്തത ഉണ്ടായിരുന്നു. “

എന്നും ലളിതാസഹസ്രനാമം ജപിച്ചാൽ കണ്ണിൽ അറിയാം” എപ്പോഴും അച്ഛമ്മ പറയും. അന്നത് എന്നെക്കൊണ്ട് ബലംപ്രയോഗിച്ച് ചൊല്ലിക്കുന്നതായിരുന്നു. പത്താംക്ലാസിൽ വരെ, വരമ്പുകൾ നിശ്ചയിച്ചത് അമ്മയും, അച്ഛനും, അച്ഛമ്മയുമായിരുന്നു, പലതിലും- വസ്ത്രങ്ങളിൽ, ചിന്തകളിൽ, നടപ്പിൽ, ഉറങ്ങാൻ കിടക്കുമ്പോൾപോലും. “ പെൺകുട്ടികൾ അങ്ങനെ കിടക്കരുത് നീ മറ്റൊlരുവീട്ടിൽ പോകേണ്ടവളാ” കോളേജിലെത്തിയതോടെ പല വരമ്പുകളും വെട്ടിമാറ്റി. അതുവഴിയെല്ലാം എന്റെ സ്വാതന്ത്ര്യത്തിന്റെ വെള്ളപ്പാച്ചിൽ തട കൂടാതെ ഒഴുകി. പുതിയതായി ജോയിൻ ചെയ്ത അഫിലേഷ് എന്ന് ലക്ച്ചർക്ക് കറുത്ത തടിച്ച മീശ ഉണ്ടായിരുന്നു. ഷെല്ലിയുടെയും കീറ്റ്സിന്റേയും വരികൾ അയാളുടെ ചുണ്ടിൻവിടവിലൂടെ വരുന്നത് കാണാനും കേൾക്കാനും സുഖമായിരുന്നു. അത് ചെന്നുനിന്നത് ജനൽ തുറന്നിട്ടാൽ കാഞ്ചീപുരം അമ്പലത്തിന്റെ ഗോപുരം കാണുന്ന റൂമിൽ ആയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാഞ്ചിപുരത്തേക്ക് ബസ് കയറുമ്പോൾ അഫിലേഷ് ചേർന്നിരുന്നു. അയാളുടെ കൈകളിലും നിറയെ രോമങ്ങൾ ഉണ്ടായിരുന്നു. എന്റെ കയ്യിൽ അയാൾ മുറുകെ പിടിച്ചിരുന്നു. റൂം തുറന്നപ്പോൾ കാഞ്ചിപുരം അമ്പലം തൊട്ടുമുന്നിൽ, എനിക്കു മുന്നിൽ ഒരു കോട്ട പോലെ. വൈകുന്നേരം അമ്പലത്തിനു ചുറ്റും നടന്നു. വേവിച്ച നീലകടല തിന്നു, പിന്നെ കുറെ കഥകൾ. അയാളുടെ കൈകൾക്കുള്ളിൽ സുരക്ഷിതയാണന്ന് എനിക്ക് തോന്നി. അതിരാവിലെ ലളിതസഹസ്രനാമം കേട്ടുകൊണ്ട് അഫിലേഷിലൂടെ ഞാൻ എന്നെ തിരിച്ചറിയുകയായിരുന്നു. എന്നിലെ സ്ത്രീയെ.  പിന്നെ ഒരിക്കലുംഅഫിലേഷിന്റെ മീശ എന്നെ അട്രാക്റ്റ് ചെയ്തിട്ടില്ല. അതോടെ ഒന്ന് ഞാൻ മനസ്സിലാക്കി, ഒരു പുരുഷനല്ല എന്റെ സന്തോഷം. മറ്റെന്തോ ആണ്. പിന്നെ എവിടെയാണ് എന്റെ സന്തോഷം?  ഡൽഹിയിൽ JNU യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ കൾച്ചറിയൻ റിസർച്ച്, അത് നല്ല സമയങ്ങൾ ആയിരുന്നു. ഓൾഡ് ഡൽഹിയിലെ ഇറാനി ചായ കിട്ടിയിരുന്ന പഴയ ടീ സ്റ്റാൾ മീറ്റിംഗ് പോയന്റുകൾ. റെവല്യൂഷനറി പൊളിറ്റിക്സ്, ചോരയുടെ നിറമുള്ള കൊടിയെ ഭ്രാന്തമായി പ്രണയിച്ച കാലം. ഒറീസയിലെ ആദിവാസി ഗോത്രങ്ങളിലെ ടീച്ചിങ്, അവരുടെ കുടിലുകളിലെ താമസം, അവരുടെ നാടൻ മദ്യത്തിന്റെ ലഹരിയിൽ അവരുടെ നൃത്തചുവടുകളിൽ സ്വയം മറന്ന ദിവസങ്ങൾ. അവിടെ വെച്ചാണ് ആന്ത്രോപോളജിസ്റ്റായ ഫ്രാങ്കിനെ പരിചയപ്പെട്ടത്. ആദിവാസികളുടെ ചാണകം മെഴുകിയ വീടിന്റെ തറയിൽ ആയിരുന്നു ഞങ്ങളുടെ ആദ്യരാത്രി. വിസ തീർന്നപ്പോൾ ഞങ്ങൾ ഫ്രാൻസിലേക്ക് പറന്നു. ഫ്രാങ്കിന്റെ വീട് ഒരു ഫ്രഞ്ച് ഗ്രാമത്തിലായിരുന്നു. വർഷത്തിൽ ആറുമാസം യാത്രചെയ്യുന്ന ഫ്രാങ്ക്. ഫ്രാങ്ക് ഭർത്താവിനുമേൽ മറ്റെന്തെല്ലാമോ ആയിരുന്നു. പ്രേമത്തിന്റെ ചൂടറിഞ്ഞ ദിവസങ്ങൾ. രണ്ട് ആത്മാക്കളുടെ സംയോജനമാണ് പൂർണ്ണത എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. കൃഷിയിടത്തിനു നടുവിലുള്ള ഫ്രാങ്കിന്റെ വലിയ ജനാലകൾ ഉള്ള ചെറിയ വീട്. പ്രഭാതങ്ങളിൽ ഫ്രാങ്ക് ഉണ്ടാക്കുന്ന കട്ടിയുള്ള കോഫി. ആ ഫ്രഞ്ച് ഗ്രാമങ്ങൾ എനിക്കിഷ്ടമായിരുന്നു. അന്ന് ഞാൻ കവിതകളെഴുതി. നല്ല റൊമാന്റിക് കവിതകൾ. കുറേക്കാലം മീഡിയകളിൽ നിറഞ്ഞുനിന്നു. ‘French Poet with Indian Soul’ അവർ എഴുതി. ഒരു തെന്നിവീഴൽ, സർജറി, അനസ്തേഷ്യ കോംപ്ലിക്കേഷൻസ്. ഫ്രാങ്ക് പോയി. എന്നെ ഒറ്റയ്ക്കാക്കി. ഫ്രാങ്ക് എനിക്ക് അന്യമായി.‘ നമ്മോട് വളരെ അടുത്തവരെ ദൈവം എന്തിനാണ് അടർത്തിയെടുത്ത് കൊണ്ടുപോകുന്നത്. ഇന്ത്യൻ ഫിലോസഫിയിൽ ഞാൻ ആത്മാക്കളെകുറിച്ച് പഠിക്കാൻ ശ്രമിച്ചു.‘ ഫ്രാങ്ക്,  നിന്റെ ആത്മാവിനെ തേടിപ്പിടിച്ച് ഞാൻ എന്റെ  കൂട്ടിലാക്കും. എങ്ങനെ നിനക്കെന്നെ വിട്ടുപോകാനാകുന്നു ഫ്രാങ്ക്’ പിന്നെ ഒരു വാശിയായിരുന്നു, ഫ്രാങ്കിനെ കണ്ടെത്താൻ. വായിച്ചു, പഠിച്ചു. കുറേ ദിവസങ്ങൾ ഓൺലൈൻ കൺസൾട്ടേഷൻ വിത്ത് സോൾ സ്പീക്കേഴ്സ്, മെഡിറ്റേഷൻസ്.  മെക്സിക്കോയിലെ ഗോത്രവർഗ്ഗക്കാർ, ഫിജിയിലെ മന്ത്രവാദികൾ, അന്വേഷണം ചെന്നുനിന്നത് ബാലിയിലാണ്. ഇന്തോനേഷ്യ, ഇന്ത്യയുടെ മറ്റൊരു പതിപ്പ്. മിസ്റ്റിസിസം, ബ്ലാക്ക് മാജിക്കും ഇഴപിരിഞ്ഞു കിടക്കുന്ന പ്രദേശം. അവിടെ വെച്ചാണ് നസ്യയെ കണ്ടത്. ‘സോൾ സ്പീക്കർ : നസ്യയ്ക്ക് ഫ്രാങ്കിന് ഫീൽ ചെയ്യാൻ കഴിഞ്ഞു. “ ഫ്രാങ്ക് സങ്കടത്തിലാണ്” നസ്യ എന്നോട് പറഞ്ഞു. “ എങ്ങനെയാണ് ഫ്രാങ്കിനെ എന്റെ കൂട്ടിലാക്കുക. ഫ്രാങ്കിനെ എനിക്ക് വേണം, എനിക്കായി മാത്രം, എനിക്ക് ഓമനിക്കാൻ” എന്റെ ശബ്ദം ഉറച്ചതായിരുന്നു

“ ഒരിക്കലും ഫ്രാങ്കിന് തിരിച്ചെത്താൻ ആവില്ല, എവിടെയോ നഷ്ടപ്പെട്ടു ഫ്രാങ്കിന്റെ ഫിസിക്കൽ എക്സിസ്റ്റൻസ്, ആ ശരീരം”. 

“ പിന്നെ എന്തു വഴി, ഫ്രാങ്ക്  ഇല്ലാതെ എനിക്കൊരു ജീവിതമില്ല, പ്ലീസ് ഹെല്പ്”

“There is an Other Option, നിനക്ക് മാത്രമായി ഫ്രാങ്കിനെ കിട്ടും, നീ ഫ്രാങ്കിന്റെ അമ്മയാവുക”“എങ്ങനെ “

“ നീ ഫ്രാങ്കിനെl പ്രസവിക്കുക”

“ എങ്ങനെ”

“ഫ്രാങ്കിന്റെ ആത്മാവിനെ ഉള്ളിൽ എടുക്കാൻ പറ്റുന്ന ഒരാളിലൂടെ നീ ഗർഭിണിയാകുക” 

ഏതോ കെട്ടുകഥകൾ പോലെ നാസ്യ  പറഞ്ഞു. തികച്ചും ഫാന്റസികൾ, പിടിത്തമില്ലാത്ത ഫിലോസഫികൾ അവർ ഉറച്ചു പറഞ്ഞു. 

“Better place is India”

 വീണ്ടും ഇന്ത്യ-‘ ഹരിദ്വാർ’ ഹിമവാന്റെ വാതിലിൽ നിന്നും വീണ്ടും യാത്ര തുടങ്ങുന്നു. ഒരു തുടുത്ത പെണ്ണിന് ഇന്ത്യയിൽ അനുഭവിക്കേണ്ടി വരുന്നത് എല്ലാം അനുഭവിച്ചു. പെണ്ണിന്റെ ചൂടറിഞ്ഞിട്ട് കാലങ്ങളായ പല ഹിന്ദു സന്യാസിമാരുടെയും ഇരയായി.  ഋഷികേശിൽ ഗംഗാതീരത്തെ ഒരു ചെറിയ ആശ്രമത്തിൽവച്ചാണ് നിത്യാനന്ദനെ പരിചയപ്പെട്ടത്. തമിഴ് മാത്രം സംസാരിക്കുന്ന നിത്യാനന്ദൻ. നിത്യാനന്ദന് എന്നെ മനസ്സിലാവുന്നുണ്ട്ന്ന് എനിക്ക് തോന്നി. പിന്നെ ലിംഗ വ്യത്യാസത്തിന്റെ  അതിരുകൾ ഞങ്ങളിൽനിന്ന് എവിടെയോ മാഞ്ഞു പോയി. ഒരുദിവസം നഗ്നരായി ഗംഗയിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ നിത്യാനന്ദനോട് പറഞ്ഞു. 

“ എന്നെ ഗർഭിണി ആക്കാമോ, എന്റെ ഫ്രാങ്കിനെ എനിക്ക് വേണം”

“ എങ്ങനെ? “ പിന്നെ എന്റെ അന്വേഷണത്തിന് ഒരാൾ കൂടി ഉണ്ടായി. ഭ്രാന്ത് ആണെന്ന് തോന്നുന്ന ഒരു തിരച്ചിൽ. ‘ എങ്ങനെ ഫ്രാങ്കിനെ എന്റെ കൂട്ടിൽ ആക്കുക? ‘‘ ഫ്രാങ്കിനെ നിത്യാനന്ദനിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ, നിത്യാനന്ദനിലൂടെ ഫ്രാങ്കിനെ എന്റെ ഗർഭപാത്രത്തിൽ എത്തിക്കാൻ കഴിഞ്ഞാൽ ഫ്രാങ്ക് എന്റെ കൂട്ടിൽ ആകും’ ആറുമാസത്തെ പ്രിപ്പറേഷൻ, നിത്യാനന്ദൻ ഒരുങ്ങുകയായിരുന്നു. അവനെ തയ്യാറാക്കാൻ ഞാനും. നീണ്ട മെഡിറ്റേഷനുകൾ. പതുക്കെ ആ ഗുഹയിൽ ഫ്രാങ്കിന്റെ പ്രസൻസ് ഫീൽ ചെയ്തു തുടങ്ങി. തമിഴ് മാത്രം സംസാരിച്ചിരുന്ന നിത്യാനന്ദൻ ഇംഗ്ലീഷ് സംസാരിച്ചു.  ഞാനും ഒരുങ്ങിത്തുടങ്ങി, ഫ്രാങ്കിനെ എന്നിലേക്ക് എത്തിക്കാൻ നിത്യാനന്ദനിലൂടെ. നിത്യാനന്ദൻ മാംസം കഴിച്ചു എന്നെ ആർത്തിയോടെ നോക്കി തുടങ്ങി. അന്ന് മഴ പെയ്തു, ഗംഗയിലെ വെള്ളം പൊങ്ങി ഗുഹാമുഖം വരെ എത്തി. നിത്യാനന്ദ നിലെ ഫ്രാങ്ക് ഉണർന്നു, ഞങ്ങൾ ഇണ സർപ്പങ്ങൾ ആയി. ഞാൻ ഉറക്കെ ഉറക്കെ ലളിതാസഹസ്ര നാമം ജപിച്ചു. ഫ്രാങ്കിനെ എന്റെ ഗർഭപാത്രത്തിലേക്ക് ആവാഹിക്കാൻ എന്റെ എല്ലാ എനർജിയും എന്റെ നാഭിയിലേക്ക് എടുത്തു.  നാലാം നാൾ ഗംഗയിലെ ഒഴുക്ക് കുറഞ്ഞു. ഗുഹാമുഖത്ത് നിന്ന് വെള്ളം വലിഞ്ഞു മാറി. തളർന്നുകിടന്ന നിത്യാനന്ദൻ പനിച്ചു വിറച്ചു. പിന്നെ ഋഷികേശിലെ സർക്കാർ ആശുപത്രിയിൽ നിത്യാനന്ദൻ കണ്ണടച്ചു. എനിക്ക് സങ്കടം വന്നില്ല. ഒന്ന് എനിക്ക് ഉറപ്പായിരുന്നു, ഫ്രാങ്ക് എന്റെ കൂട്ടിലായി.  ഞാൻ കാത്തിരുന്നു, എന്റെ പീരീഡ്സ് നിന്നു. എന്റെ വയർ വീർത്തു വന്നു. പിന്നെ എങ്ങോട്ട് എന്ന് അറിയില്ലായിരുന്നു.  ആ പഴയ ഒറ്റവരമ്പിന് മാറ്റം വന്നിരുന്നില്ല. നാട്ടിൽ തിരിച്ചെത്തി. അതിർവരമ്പുകളെ കുറിച്ച് പറയാൻ അച്ഛമ്മ ഇല്ലായിരുന്നു. അച്ഛനുമമ്മയും മരിച്ചപ്പോൾ നാട്ടിലെത്താൻ പറ്റിയിരുന്നില്ല. അച്ഛന്റെ പെങ്ങൾ ആയിരുന്നു തറവാട്ടിൽ താമസം. അവിടെ ഞാനൊരു അന്യഗ്രഹജീവി ആയിരുന്നു. എന്റെ മുറിയിൽ എപ്പോഴും മുഴങ്ങിയിരുന്നു മന്ത്രങ്ങൾ, സാമ്പ്രാണി പുക, ഹോമകുണ്ഡം. വരമ്പുകളെ കുറിച്ച് ആരും എന്നെ ഓർമ്മപ്പെടുത്തി ഇല്ല.  എന്റെ വയറ്റിൽ ഫ്രാങ്ക് തുടിച്ചു തുടങ്ങി. അവിടെ ഞാൻ ഫ്രാങ്കിനെ തൊട്ടറിഞ്ഞു. ഫ്രാങ്കിനോട് ഞാൻ സംസാരിച്ചു തുടങ്ങി. ജനാല പഴുതിലൂടെ ഒളിഞ്ഞു നോക്കുന്ന അപ്പച്ചിയുടെ ചെറുമക്കൾക്ക് ഞാനൊരു മന്ത്രവാദിനി ആയിരുന്നു.  അന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് നടുവേദന തുടങ്ങി. പിന്നെ അത് എന്റെ ഇടുപ്പിലേക്ക് പടർന്നു കയറി. എന്റെ പെൽവിക് ജോയിന്റ്സ് വിടരാൻ വെമ്പുന്നത് ഞാനറിഞ്ഞു. ഞാൻ വിളക്ക് കത്തിച്ചു, ഉറക്കെ ലളിതാസഹസ്രനാമം ജപിച്ചു. ,

“ ഹോസ്പിറ്റലിൽ പോകുന്നതല്ലേ നല്ലത്? “

“ വേണ്ട”

 പിന്നെ എപ്പോഴോ എന്റെ ഓർമ്മ പോയി. ഓർമ്മ വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലാണ്. 

“We can’t wait more”

“are you sure Doctor “ ഞാൻ ചോദിച്ചു

“Yes We are proceding “

 അനസ്തേഷ്യ, പിന്നെ മയക്കം. എന്റെ വയറ്റിൽ നിന്നും ഭാരം ഒഴിയുന്നത് ഞാനറിഞ്ഞു. കുട്ടിയായിരുന്നപ്പോൾ കൈവിരലുകൾക്കിടയിൽ നിന്നും തെന്നിച്ചു വിടുന്ന സോപ്പ് പോലെ.  കുട്ടിയെ കയ്യിലേക്ക് തന്നു. അതെ ഫ്രാങ്ക് തന്നെ, അതേ മുഖം അതേ കണ്ണുകൾ അതേ മൂക്ക്.  പെട്ടെന്നായിരുന്നു ഒരു പാനിക് സിറ്റുവേഷൻ, കുഞ്ഞ് എന്റെ കയ്യിലിരുന്നു പിടച്ചു. അവർ കുട്ടിയെ എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു. പക്ഷേ ഫ്രാങ്കിനെ തിരിച്ചുപിടിക്കാൻ ഞാൻ വീണ്ടും പരാജയപ്പെട്ടു. അവൻ ജീവിച്ചത് ഒരു മണിക്കൂർ മാത്രം. 

“ എവിടെയാണ് ഈശ്വരൻ വില്ലനാകുന്നത്”

 ഗയയിലെ ബോധി വൃക്ഷത്തിന് പകരം നട്ട ആൽമരച്ചോട്ടിൽവെച്ചാണ് അതിനുള്ള ഉത്തരം ശാരദാമയി  പറഞ്ഞു തന്നത്. 

“ ദൈവം നമ്മെ പഠിപ്പിക്കുന്നതാണ്, അവൻ വരച്ച വരയിലൂടെ നമ്മെ നടത്താൻ”

“ ദൈവവും അതിർവരമ്പുകൾ തീർക്കുന്നു, പിന്നെ എവിടെയാണ് എന്റെ സന്തോഷം. ഒരിക്കലും സന്തോഷം തരാത്ത ദൈവം, സങ്കടങ്ങളുടെ അതിർവരമ്പുകൾക്കുള്ളിൽ എന്നെ എന്തിന് തളക്കുന്നു” 

അതിനും ശാരദാമയിയ്ക്ക് ഉത്തരമുണ്ടായിരുന്നു. 

“ നിന്റെ ഉള്ളിൽ ഉണ്ട് സന്തോഷം, നീ അത് കണ്ടെത്തുക, വരമ്പുകളെ കുറിച്ച് നീ ഓർക്കാതിരിക്കുക”

“ അതെങ്ങനെ”

അങ്ങനെയാണ് ലഡാക്കിൽ എത്തുന്നത്. ഒരു ചെറിയ മൊണാസ്ട്രി. തലമുടി ഷേവ് ചെയ്തു, പേരുമാറ്റി. ‘ആനന്ദമയി’ ബുദ്ധൻ ആരാണെന്ന് അറിഞ്ഞു. ബുദ്ധമതം എന്താണെന്ന് പഠിച്ചു.  നീണ്ട പതിനഞ്ച് വർഷങ്ങൾ, മൊണാസ്ട്രി വളർന്ന് ശിഷ്യഗണം കൂടി. ആനന്ദമയി എന്ന പ്രസ്ഥാനം വളർന്നു. 

“ നീ സന്തോഷവതി ആണോ? “ 

സ്വയം ചോദിച്ചു. ജനലിന് പുറത്ത് പൂത്തുനിൽക്കുന്ന ഡാലിയകൾ, ദൂരെ മഞ്ഞുമൂടിയ ഹിമാലയം, താഴെ വളഞ്ഞു പോകുന്ന റോഡ്, തണുത്ത കാറ്റ്. 

“ എവിടെയോ ഞാൻ ഡിസ്റ്റർബ് അല്ലേ? “

 ഇപ്പോഴെല്ലാം ചോദ്യങ്ങളും ഉത്തരങ്ങളും സ്വന്തമായ രൂപപ്പെടുത്തുന്നു.  വ്യാകുലത ഇല്ലായ്മയാണോ, സന്തോഷം? രാവിലെ മുതൽ തുടങ്ങുന്ന മന്ത്രോച്ചാരണങ്ങൾ. റിവർബിങ് ബെൽസ്. ഈ തണുത്ത മൊണാസ്ട്രിയുടെ ഉൾവശം. ബുദ്ധമതത്തിന്റെ  വേരുകളിലൂടെയുള്ള യാത്ര. ‘ എനിക്കറിയാം, എന്റെ ആത്മാവിനെ എനിക്ക് കാണാനാവുന്നുണ്ട്, അനുഭവിച്ചറിയാൻ ആവുന്നുണ്ട്. മാനത്തു നിറയെ നക്ഷത്രങ്ങൾ തെളിയും ചില രാത്രികളിൽ, അന്നൊക്കെ ഫ്രാങ്ക് എത്തും. അവനിപ്പോൾ രൂപമില്ല. എനിക്കിപ്പോൾ ആത്മാക്കളെ ഫീൽ ചെയ്യാൻ ആവുന്നു. അവൻ എത്തുമ്പോൾ എന്റെ ശരീരം കുളിരുകോരും. അവൻ എത്തുന്നത് ചിലപ്പോൾ ഒരു കാറ്റ് പോലെ അല്ലെങ്കിൽ ചിലപ്പോൾ ഒരു കുളിരുപോലെ. 

“ എന്തിനാണ് നീ എന്നെ കൂട്ടിലടക്കാൻ നോക്കിയത്, നിനക്ക് അതിനാവില്ല. നീ വെറും മനുഷ്യൻ അല്ലേ”

 ഫ്രാങ്ക് പറഞ്ഞു

“ അതെ എനിക്കിപ്പോൾ മനസ്സിലാകുന്നു, ഞാൻ വെറും മനുഷ്യനാണ്. ധാരാളം വരമ്പുകളാൽ കെട്ടിഅടക്കപ്പെട്ട ജീവിതം”

 വരമ്പുകളെ തകർക്കാൻ നമുക്കാവില്ല, അവയെ തകർത്തു സന്തോഷിക്കാൻ നമുക്കാവില്ല. ആ വരമ്പുകൾക്കുള്ളിൽ സന്തോഷത്തിന്റെ  ഒരു നിധികൂടം ഉണ്ട്, നാമറിയാതെ ദൈവം നമ്മിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു നിധി. അത് കണ്ടെത്താൻ നാം മറന്നുപോകുന്നു. ആ സത്യം അറിഞ്ഞിട്ടു പോലും വരമ്പുകളെ തകർത്തു സന്തോഷിക്കാൻ നാം പരക്കം പായുന്നു.

“ നീ കണ്ടെത്തിയോ”

 മനസ്സാക്ഷി എന്നോട് ചോദിക്കുന്നു

“ ഒരു പരിധിവരെ” ഹിമാലയത്തിലെ തണുത്തകാറ്റ്, പ്രതിധ്വനിക്കുന്ന ബെല്ലുകൾ, മാസ്മരികത ഉള്ള പൂജ ദ്രവ്യത്തിന്റെ മണം, ലക്ഷക്കണക്കിനു മന്ത്രങ്ങൾ. എന്റെ ഉള്ള് നിറഞ്ഞൊഴുകുന്നത് ഞാൻ അറിയുന്നു. ആദ്യമായി പ്രേമിക്കുമ്പോൾ പിടയ്ക്കുന്ന നെഞ്ചിനുള്ളിലെ കനമുള്ള ഒരു സന്തോഷം പോലെ, അതെ, കൂട് പൊട്ടി പുറത്തായ ഒരു അപ്പൂപ്പൻ താടി തടങ്ങളിൽ അല്ലാതെ അന്തരീക്ഷത്തിൽ പറക്കുന്നതു പോലെ.“ എനിക്ക് വിവരിക്കാൻ ആവുന്നില്ല. എനിക്ക് തോന്നുന്ന സന്തോഷം, അപ്പോൾ വിവരിക്കാൻ ആകാതെ നിന്റെ ഉള്ളിൽ നുരച്ചു പൊങ്ങുന്ന എന്തോ അല്ലേ സന്തോഷം. കുമിളകൾ പോലെ, പക്ഷേ പ്രതലത്തിൽ എത്തി പൊട്ടിക്കഴിയുമ്പോൾ കുമിളകളും ഇല്ലാതാകുന്നു. സന്തോഷവും അത് തന്നെയല്ലേ. അങ്ങനെയൊന്നില്ല അതും നിന്റെ തോന്നലുകൾ ആണെന്ന് ഞാൻ എന്നെ പഠിപ്പിക്കുന്നു. പിന്നെ എന്തിനാണ് വരമ്പുകൾ ലംഘിച്ച് ഞാൻ സന്തോഷം കണ്ടെത്തുന്നത്. വെറുതെ വെറും വെറുതെ. ആരെയും പിടിച്ചടക്കാനോ, സ്വയം സന്തോഷിക്കാനോ, സങ്കടപ്പെടാനോ നീ ആളല്ലെന്ന് ഞാൻ എന്നെ പഠിപ്പിക്കുന്നു.  ബെല്ല് മുഴങ്ങി പ്രാർത്ഥനയ്ക്ക് നേരം ആകുന്നു. 

“ പിന്നെ നീ ആരാണ്, ആർക്കു വേണ്ടി ജീവിക്കുന്നു, എന്തിനു ജീവിക്കുന്നു? “ 

മുഖ്യ സ്വാമിജി ഇല്ലാതെ പൂജ തുടങ്ങാൻ ആവില്ലല്ലോ, അതിനാൽ എനിക്ക് പോയേ പറ്റൂ.  എന്റെ ചോദ്യങ്ങൾ എന്റെ ആലോചനകളുടെ ശേഖരത്തിൽ ഇരിക്കട്ടെ, പിന്നീടേക്കായി.

1 comment

Leave a Reply to Anamika Cancel reply

  • Very spiritual and philosophical rendition. Enjoyed every moment of reading it. Really a good and gripping story Sir. Please keep writing. You are an awesome writer.

By Anil