പോകരുത്

Audio Clip

“പോകരുത്” റാം എന്നോട് പറഞ്ഞു. അവൻ എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. അവൻ കൈ നഖങ്ങളിൽ Nail Polish ഇട്ടിരുന്നു. അവന് കഴുത്തറ്റം മുടിയും മീശയില്ലാത്ത മുഖവും ആണ് ഉണ്ടായിരുന്നത്. അവന്റെ കൈകൾ മൃദുവായിരുന്നു.

“please പോകരുത് നീ പോയാൽ പിന്നെ ഞാൻ”.

ഞാൻ അവനെ ആശ്വസിപ്പിച്ചു.

“എപ്പോഴാണെങ്കിലും എനിക്ക് പോയല്ലേ പറ്റൂ, നിനക്ക് പുതിയ കൂട്ടു കിട്ടും”.

“ പക്ഷേ അതൊരിക്കലും നിങ്ങൾ ആവില്ലല്ലോ”

 റാമിനെ ഞാൻ കണ്ടത് തിരക്കുപിടിച്ച ബോംബെയിലെ Suburban ട്രെയിനിൽ വെച്ചാണ്. അന്ന് അവനോടൊപ്പം ഉണ്ടായിരുന്നത്, ഒരു ടെലിവിഷൻ ചാനലിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരുന്ന ഹിരാനി മേത്തയാണ്. ഹിരാനി basically ഒരു റിബൽ ആയിരുന്നു. ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യുന്ന പെൺകുട്ടി. അവൾ കുറച്ചുകാലം എന്റെ  ട്രാവൽ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ഹിമാലയൻ യാത്രകളിൽ എന്റെ കൂടെ ഉണ്ടായിരുന്നു. കഞ്ചാവിനെ ഭ്രാന്തമായി പ്രേമിക്കുന്ന പെൺകുട്ടി.

 ഹിരാനി എന്നെ പരിചയപ്പെടുത്തി

“റാം മേക്കപ്പ് ആർട്ടിസ്റ്റ് ആണ്, നിനക്ക് ചിലപ്പോൾ ഉപകാരപ്പെടും. നിന്റെ ആഡ്ഫിലിം ഷൂട്ട് കൾക്ക്.”

 ഒരുനാൾ നല്ല മഴയുള്ള ദിവസമായിരുന്നു. ബോംബെ മുഴുവൻ വെള്ളത്തിൽ ആയിരുന്നു. ട്രെയിനുകൾ മുഴുവനായി ക്യാൻസൽ ആയി. രാത്രി 8:00 ആയിട്ടുണ്ടാവും വാതിലിൽ ആരോ മുട്ടി. തുറന്നപ്പോൾ തണുത്തുവിറച്ച്, റാം.

 “എന്നെ ഹിരാനി ഇറക്കി വിട്ടു.”

എനിക്ക് അതിൽ ആശ്ചര്യം തോന്നിയില്ല. ഞാനിത് മുൻപേ പ്രതീക്ഷിച്ചത് ആയിരുന്നു.

 “ഞാനിവിടെ,” 

മടിച്ചുമടിച്ച് റാം പറഞ്ഞു. മനസ്സില്ലാ മനസ്സോടെയാണ് അനുവദിച്ചത്.

 പിറ്റേന്ന് രാവിലെ തന്നെ റാം, മെയിഡിനെ പറഞ്ഞുവിട്ട വീട്ടു ഭരണം സ്വയം ഏറ്റെടുത്തു. എല്ലാം അടുക്കിയൊതുക്കി വെച്ചു എന്റെ അപ്പാർട്ട്മെന്റ് നീറ്റായി. ആകെ ഒരു കുഴപ്പം മാത്രം, റാമിന്റെ  അമിതസ്നേഹം. പിന്നെ വല്ലപ്പോഴും എത്തുന്ന കൂട്ടുകാരുടെ നാറിയ കമന്റും.

“ ടേസ്റ്റ് ഒക്കെ മാറി അല്ലേ”?

 റാമിന് വല്ലാത്തൊരു അടുപ്പമായിരുന്നു എന്നോട്. റാമിന് റാമിന്റേതായ ഫ്രണ്ട്‌സ് ഗ്രൂപ്പ് ഉണ്ട്. എല്ലാം റാമിനെ പോലെ തന്നെ അവർക്കെല്ലാം സ്നേഹം കൂടുതൽ ആണെന്ന് എനിക്ക് തോന്നി. അങ്ങനെ ഒരു കൊല്ലം.

 ബോംബെ വാസം കഴിഞ്ഞ് ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റ്‌ ചെയ്തു അന്ന് റാം ഒത്തിരി കരഞ്ഞു. എന്റെ കയ്യിൽ മുറുകെ പിടിച്ച് യാചിക്കുന്ന പോലെ പറഞ്ഞു.

 പോകരുത്

 ആ വാക്ക് ഇന്നും എന്റെ മനസ്സിൽ ഉണ്ട്, പോകരുത്. ഇന്ന് പിന്നെയും അത് കേട്ടു. അത് പക്ഷെ ഇംഗ്ലീഷിലായിരുന്നു.

 “please don’t go”

 ഒരാഴ്ച മുമ്പ് സിഡ്നിയിലെ ഒരു പബ്ബിൽ വച്ചാണ് ഞാൻ തന്നെ പരിചയപ്പെട്ടത്. പീറ്റർ അലൻ. മലയാളത്തിൽ നിപ്പൻ എന്നുപറയുന്ന ബാർ കൗണ്ടറിലെ പരിചയം. പീറ്റർ അലനും മറ്റൊരു റാം ആയിരുന്നു. അലൻ നന്നായി കുക്ക് ചെയ്യും നല്ല ഇറ്റാലിയൻ ഫുഡുകൾ.

 ബാർ കൗണ്ടറിൽ നിന്ന് അലൻ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു റാമിന്റെ സൗഹൃദം എനിക്ക് പരിചയമുള്ള അതുകൊണ്ട് എനിക്ക് അപരിചിതത്വം തോന്നിയില്ല. അലൻ താമസിച്ചിരുന്നത് അമ്മയോടൊപ്പം ആയിരുന്നു. ഏതോ ഓസ്ട്രേലിയൻ കൺട്രി മ്യൂസിക്കിലെ താളത്തിൽ ചുവടുവെച്ച് അലൻ കുക്ക്  ചെയ്യുന്നത് കാണാൻ രസമായിരുന്നു. റാം ആർട്ടിസ്റ്റിനെ മേക്കപ്പ് ചെയ്യുമ്പോൾ സ്വയം സന്തോഷിക്കുന്നതും അലൻ കുക്ക് ചെയ്യുമ്പോൾ സന്തോഷിക്കുന്നതും ഒന്ന് പോലെ തന്നെ.

 രണ്ടാംദിവസവും ഷൂട്ട് കഴിഞ്ഞ് അലന്റെ ക്ഷണം സ്വീകരിച്ച് ഡിന്നറിന് എത്തിയപ്പോൾ അലൻ ചോദിച്ചു. എന്തിനാണ് ഹോട്ടൽ റൂം ഇവിടെ താമസിച്ചു കൂടെ. എനിക്ക് അവരുടെ വീട് നന്നായി പിടിച്ചിരുന്നു. പഴമയുടെ പ്രൗഢി, മുറ്റത്തും വീടിനുള്ളിലും നിറയെ ചെടികൾ. ഭിത്തിയുടെ വെള്ളയും ഇലകളുടെ പച്ചയും മാത്രം. അവരുടെ വീടിന്റെ ഭിത്തിയിൽ വലിയൊരു സ്റ്റീയറിങ് വീൽ വച്ചിരുന്നു. അലൻ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ഷെഫ് ആണ്.

അലന്റെ അമ്മയ്ക്ക് വൈനുകളുടെ ഒരു വലിയ കളക്ഷൻ സ്വന്തമായിട്ടുണ്ട്. ഈവനിംഗ് പ്രയർ കഴിഞ്ഞ് ഞാനും അവരും വൈൻ കുടിച്ച് പൂസാകും. അവർ പഴയ ചരിത്രങ്ങൾ പറയും. അലൻ പപ്പാ ഒരു ബ്രിട്ടീഷുകാരൻ ആയിരുന്നു. ഒരു Mariner. അയാളുടെ ഓർമ്മയ്ക്കായാണ് ഭിത്തിയിലെ ഷിപ്പിന്റെ സ്റ്റിയറിങ്ങ് വീൽ. അയാളെ കുറിച്ച് പറയുമ്പോൾ അവരുടെ കണ്ണുകൾ തിളങ്ങും. അവർ പഴയ ഇംഗ്ലീഷ് പാട്ടുകൾ പാടും പിന്നെ എന്നെ നൃത്തത്തിന് ക്ഷണിക്കും. രാത്രി ഏറെ വൈകികഴിഞ്ഞേ ഞങ്ങൾ ഉറങ്ങു.

യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ ഉണർന്നില്ല തലേന്ന് അവരോട് യാത്ര പറഞ്ഞിരുന്നു. അലൻ എന്നെ ചേർത്തണച്ചു. ആ സ്നേഹത്തിന്റെ ഊഷ്മളത എനിക്ക് ഫീൽ ചെയ്തു. എന്റെ ഹൃദയവും അലന്റെ ഹൃദയവും ഒരേ താളത്തിൽ ഇടിക്കുന്നത് ഞാനറിഞ്ഞു.

“don’t go”

“ ഇല്ല അലൻ എനിക്ക് പോകാതിരിക്കാൻ ആകില്ല, വരാം, കാണാം”

 തിരിഞ്ഞു നോക്കാൻ കഴിയാതെ ഞാൻ നടന്നു.

 ഷിപ്പ് പോർട്ട് വിടുന്നു. എന്റെ രണ്ടാമത്തെ പെഗ്ഗ് കാലിയായി. കപ്പൽ ചെറുതായിട്ട് ഇളകി, തീരം വിടുന്നതിനെ ആരംഭമാണ്. രാത്രി അവിടെ എത്തിയിട്ടും ധൃതിപിടിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതിനാലാണ് ഞാനീ ക്രൂസ് തെരഞ്ഞെടുത്തത്. കപ്പൽ യാത്രകൾ എനിക്കിഷ്ടമായിരുന്നു. അടിമത്തത്തിനും മുതലാളിത്തത്തിനും വിത്തുപാകിയത് കപ്പൽ യാത്രകൾ ആണ്. ലോകം ഈ വിധം ആക്കിയതിൽ കപ്പലുകളുടെ പങ്ക് വലുതാണ്.

“4B യിൽ നിങ്ങളാണോ?”

 ഇംഗ്ലീഷിലായിരുന്നു ചോദ്യം, ഞാൻ തിരിഞ്ഞു നോക്കി. കടലിന്റെ അഗാധതയിലെ നീല നിറമുള്ള കണ്ണുകൾ, ചുരുണ്ട ബ്രൗൺ മുടി, മൂക്കിലെ റൗണ്ട് nose Pin.

“ ഞാൻ ജയിൻ എലിസബത്ത്, 4A യിൽ നിങ്ങളുടെ Cabin Companin.

 ഞാൻ എന്റെ പേര് പറഞ്ഞു അവൾ കൈനീട്ടി ഞങ്ങളുടെ കൈകൾ തമ്മിൽ തൊട്ടപ്പോൾ ജീവിതത്തിൽ ഇതുവരെ തൊടാത്ത ഒന്നിൽ അല്ലെങ്കിൽ ആരെയോ തൊട്ടതുപോലെ. മഞ്ഞിൻ പാളികളിലെ തണുപ്പ്, ഇളം തേങ്ങയുടെ ഉള്ളിലെ കാമ്പിന്റെ സോഫ്റ്റ്നസ്.

“ നിങ്ങൾ എന്നെ ജയിൻ എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം, ഈ യാത്ര നമ്മൾ ഒന്നിച്ചാണ്, ന്യൂസിലാൻഡ് ലേക്ക് ആദ്യമായാണോ”.?

“അല്ല ഞാൻ മുൻപ് പോയിട്ടുണ്ട്, ക്രൂസിൽ ആദ്യമായാണ്”.

 “ഞാൻ ആദ്യമായിട്ടാ എന്താ പരിപാടി”.

 അവൾ ചോദിച്ചു.

 “ഒരു ആഡ് ഫിലിമിന്റെ ലൊക്കേഷൻ കാണണം.”

 “ഞാൻ ഒരു വയലിൻ പ്ലേയർ, ഒരു Concert.”

 “എന്താ കുടിക്കാൻ വേണ്ടത്”

 ഞാൻ ചോദിച്ചു

“Something strong, better Tequila shots”

 പിന്നെ ഞങ്ങൾക്കിടയിൽ മൗനം കടൽ പോലെ പരന്നു കിടന്നു. ഞാൻ അവളെ ശ്രദ്ധിച്ചു നമ്മുടെ നാട്ടിൽ അങ്ങനെ ഒരു പെണ്ണിനെ കാണുക പ്രയാസം. Soo Beautiful. അവളുടെ കണ്ണിന്റെ ഉള്ളിലെ Irish ന്റെ ഇതളുകൾ കാണാമെന്നു തോന്നി. അവൾ കടലിലേക്ക് നോക്കി ഇരുന്നു. അവളുടെ കണ്ണുകൾ Andaman’s കടലിലെ Diving നെ ഓർമിപ്പിച്ചു. പല നിറങ്ങളുള്ള അത്ഭുത കാഴ്ചകൾ, ഒരു സ്വപ്നം പോലെ. അതാണ് അവളുടെ കണ്ണുകൾ. അതിലേക്ക് ഊളിയിട്ട് പോകാം, അതിന്റെ ആഴങ്ങളിലേക്ക്, അവിടെ പല കാഴ്ചകൾ. കടൽ പുറ്റുകൾ, പലനിറത്തിലുള്ള മത്സ്യങ്ങൾ, അത്ര expressive ആയിരുന്നു അവളുടെ ആ കണ്ണുകൾ.

 പെട്ടെന്ന് അവൾ എന്നെ നോക്കി.

“നീ എന്നെ അളക്കുകയാണല്ലേ, എന്റെ കണ്ണുകളുടെ ആഴങ്ങളിൽ ഊളിയിട്ടു നീ എന്താണ് തപ്പുന്നത്. കടൽ പുറ്റുകൾക്കുള്ളിലെ രത്നങ്ങളാണോ?”

 അവൾക്കെങ്ങനെ മനസ്സിലായി ഞാൻ അവളുടെ കണ്ണുകളെ കടലിനോട് കമ്പയർ ചെയ്തെന്ന്.

 “എനിക്ക് കണ്ണിൽ നോക്കി വായിക്കാൻ കഴിയും, അതെനിക്ക് പണ്ടേ കിട്ടിയ കഴിവാ.”

അവൾ ചിരിച്ചു

“ നമുക്ക് ഒരു ഗെയിം കളിച്ചാലോ, നീ എന്തെങ്കിലും ആലോചിക്കുക ഞാൻ നിന്റെ മൈൻഡ് റീഡ് ചെയ്യാം.”

 എന്താ ആലോചിക്കണമെന്നോർത്തു പെട്ടെന്ന് ഞാൻ കൺഫ്യൂഷനിൽ ആയി. പിന്നെ പെട്ടെന്ന് ഞാൻ ആലോചിച്ചു ഒരു കാര്യം.

“ ഞാൻ പറയട്ടെ”

 ഞൊടിയിടകൊണ്ട് അവൾ പറഞ്ഞു.

“ നിന്റെ കിടക്ക പങ്കിടാൻ ഇന്ന് എനിക്ക് പറ്റില്ല. അപരിചിതരുമായി എനിക്കത് ഒരിക്കലും പറ്റില്ല”

 അവൾ കുലുങ്ങിച്ചിരിച്ചു, മുത്തുമണികൾ വാരി ചെമ്പുപാത്രത്തിൽ ഇട്ട ചിരി. ഞാൻ നാണിച്ചു പോയി, സത്യത്തിൽ ഞാൻ ആലോചിച്ചത് അത് ആയിരുന്നു, ഞങ്ങൾ ഒരു ക്യാബിനിൽ ആണ്. വളരെ സുന്ദരിയായ അവളും ഞാനും മാത്രം. ഇവൾ എങ്ങനെ ആയിരിക്കും, ഒന്നുറപ്പാ എനിക്ക് ഉറക്കം വരില്ല ഇന്ന് രാത്രി.

 ഇത്രേ ഞാൻ ആലോചിച്ചുള്ളൂ, പക്ഷേ അവൾ അത് കണ്ടുപിടിച്ചു. അവൾ പറഞ്ഞു

“ എനിക്കൊരു പോയിന്റ്”

 ഒന്നിനുപുറകെ ഒന്നായി അവൾ ഷോട്ടുകൾ അകത്താക്കി കൊണ്ടിരുന്നു. ഞാൻ തേഡ് പെഗ്ഗും കാലിയാക്കി.

“വിലിച്ചാലോ, ഇവിടെ പറ്റില്ല ഡെക്കിൽ പോകാം. സൂര്യൻ താന്നിട്ടുണ്ടാകും”

 ഞാൻ അവളോടൊപ്പം എണീറ്റു. ഡെക്കിൽ ആളുകൾ കുറവായിരുന്നു. ആകാശം കറുത്തു വരുന്നു. നേരത്തെ ഉദിക്കുന്ന നക്ഷത്രങ്ങൾ. അവ ചില മനുഷ്യരെ പോലെയാണ്. കല്യാണത്തിനോ വിരുന്നിനോ വളരെ നേരത്തെ എത്തുന്ന ചിലരെ പോലെ, എന്തിനാണ് അങ്ങനെ എത്തുന്നതെന്ന് അവർക്കോ  നമുക്കോ  അറിയില്ല.

 ചെറിയ കാറ്റ്, നേരിയ തണുപ്പ്, ദൂരെ അകന്നുപോകുന്ന സിറ്റിയുടെ ലൈറ്റുകൾ. ഞങ്ങൾ ബാൽക്കണിയിലെ അയൺ ബാറിൽ ചാരിനിന്നു. അവൾ സിഗരറ്റ് എടുത്തു എനിക്കു നീട്ടി. ലൈറ്റർ തെളിയിച്ചെന്റെ ചുണ്ടത്തെ സിഗരറ്റ് കത്തിച്ചു തന്നു.

 ഞാൻ ആ വിരലുകൾ അടുത്തു കണ്ടു. അവളുടെ ഒരു വിരൽ എന്റെ താടിയിൽ ഊന്നി വെച്ചാണ് അവൾ സിഗരറ്റ് കത്തിച്ചു തന്നത്. എവിടെയോ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. അവൾ എന്നോട് ചേർന്നാണ് നിന്നത്. ആ സ്വാതന്ത്ര്യം പാശ്ചാത്യരുടേതാണ്, ഭാരതത്തിന്റെ അല്ല. ഇന്ത്യയിലെ ഒരു പെണ്ണും ഇത്രവേഗം ഇത്ര അടുപ്പം കാട്ടാറില്ല.

“ പറ നിന്നെക്കുറിച്ച് പറ”

 അവളെന്നോട് പറഞ്ഞു

 “അതുതന്നെയാണ് ജയിൻ എന്റെ പ്രശ്നം. എന്നെക്കുറിച്ച് കുറച്ചായി ഞാനും തിരക്കി കൊണ്ടിരിക്കുന്നു. പിടുത്തം തരുന്നില്ല”

 അവൾ ചിരിച്ചു. ചെമ്പു പാത്രത്തിൽ വീഴുന്ന മുത്തുകൾ അത് എന്നെ മത്തുപിടിപ്പിക്കുന്നില്ലേ എന്നു ഞാൻ സംശയിച്ചു. ബാറിൽ നിന്ന് കൊടുത്തിരുന്നു ഓർഡർ, ബെയർ കൊണ്ടുവന്നു. ഒരു തടത്തിൽ നിറയെ Tequila shots പിന്നെ രണ്ടു wishkey.

“ജെയിൻ നീ കുടിച്ചു ബോധം കെടാനുള്ള പ്ലാനാ”?

“നെവർ, അങ്ങനെ ഒരു ഗുണം എനിക്കുണ്ട്, പാരമ്പര്യമായി കിട്ടിയ ഒരേയൊരു സ്വത്താ. എന്റെ മമ്മാ ‘എലിസബത്ത്’ എത്ര കുടിച്ചാലും ബോധം കെടില്ല. ഒന്നു മാത്രമേ എന്റെ മമ്മയുടെ ബോധത്തിൽ ഇല്ലാത്തതായുള്ളൂ. എന്റെ അച്ഛന്റെ മുഖം. ചിലപ്പോൾ പല മുഖങ്ങൾ ഉണ്ടാകും, വ്യക്തമല്ലാതെ. ഞാൻ അതേക്കുറിച്ച് പറഞ്ഞ് അമ്മയെ വിഷമിപ്പിചിട്ടില്ല. മമ്മ സുന്ദരിയായിരുന്നു. Sydney യിലെ ബാറിലെ വോക്കൽ സിംഗർ. പ്രായമായപ്പോൾ ശബ്ദം മോശമായി, ശരീരവും. പുതുമുഖങ്ങൾ വന്നു അതിനാൽ ജോലി പോയി. ജോലി പോയപ്പോൾ കൂടുതൽ കുടിച്ചു. സോഷ്യൽ സെക്യൂരിറ്റി മണി മൊത്തം കുടിച്ചു തീർക്കുന്നു.

 എന്റെ Child hood, നൺസിന്റെ girls ഹോമിലായിരുന്നു. എന്റെ അകന്ന ഒരാന്റി കന്യാസ്ത്രീ ആയിരുന്നു. പിന്നെ വളരെ റെയർ ആയിട്ടേ മമ്മിയെ കണ്ടിട്ടുള്ളൂ. മമ്മ ഇപ്പോഴുമുണ്ട്. സിറോസിസിന്റെ  ലാസ്റ്റ് സ്റ്റേജ്. വയലിൻ എനിക്കൊരു ഹരമായിരുന്നു. ഞാനധികം പഠിച്ചിട്ടില്ല. സോഷ്യൽ മീഡിയ എനിക്കൊരു തണലായിരുന്നു. അർദ്ധ നഗ്നയായി വയലിൻ വായിക്കുന്ന പെണ്ണിന് വരുന്ന ലൈക്കുകളും ഫ്രണ്ട് റിക്വസ്റ്റുകളും ഞാൻ യൂസ് ചെയ്തു. അതിലൂടെ കിട്ടുന്ന ചെറിയ പ്രോഗ്രാംസ്  ചെയ്ത് ജീവിച്ചു പോകുന്നു. “

 ഒന്നിനു പുറകെ ഒന്നായി അവൾ shot തീർത്തുകൊണ്ടിരുന്നു.

“Mr : സന്തോഷ് രാമൻ” അവൾ ചോദിക്കാൻ തുടങ്ങി

“ ഞാൻ പറയാം. എന്റെ പേരിന്റെ അർത്ഥം എന്താണെന്ന്  അല്ലേ നീ ചോദിക്കാൻ പോകുന്നത്”

“ Exactly How you know”

“ ഞാനും മൈൻഡ് റീഡ് ചെയ്യാൻ പഠിക്കുന്നു. സന്തോഷ് മീൻസ് ഹാപ്പി. രാമൻ അച്ഛന്റെ പേരാ. But it is a Name of an Indian God,  ഭാര്യയെ രക്ഷിക്കാനും ശിക്ഷിക്കാനും മാത്രം ലൈഫ് തകർത്ത ഇന്ത്യൻ ദൈവം.”

“ പക്ഷെ രാമൻ നായകനായി ഞങ്ങൾക്കൊരു എപ്പിക് കിട്ടി ‘ രാമായണം’. അതുവരെയുള്ള ഭാരതത്തിലെ നായക കൺസെപ്റ്റുകളെ  മാറ്റിമറിച്ചു രാമനിലെ നായകൻ. പിന്നെ വേദന തിന്നുന്നവരെ ഭാരതീയർ ഹീറോ ആക്കി. ചിലപ്പോൾ യേശുക്രിസ്തുവും പിന്തുടർന്നത് ആ ടോർച്ചർ ചെയ്യപ്പെട്ട ഹീറോ കൺസെപ്റ്റ് ആകണം.”

“ സന്തോഷ്, നിന്റെ പേരിന്റെ ആദ്യ വാക്കിൽ സന്തോഷം ഉണ്ട് പക്ഷേ നീ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. നീ എന്തിനാ ചിരിയിൽ ഒരു പിശുകാണാവുന്നത്. എവിടെ മറന്നു വെച്ചു നിന്റെ ചിരി. “

 അവൾ എന്നെ ഇക്കിൾ ഇട്ടു.

“എങ്കിൽ  ഞാൻ നിന്നെ ദുഃഖത്തിന് കയങ്ങളിലേക്ക് കൊണ്ടു പോകട്ടെ. ഞാൻ നിനക്കായി വയലിൻ വായിക്കാം ;Can I“?

 ഞാൻ തല കുലുക്കി, അവൾ ഡെക്കിൽ നിന്നും താഴേക്ക് ഓടി. ഞാനോർത്തു ഇവളെ ഞാൻ ഇഷ്ടപ്പെടുന്നു. എന്നെക്കാൾ വളരെ പ്രായം കുറവുള്ള ഇവളെ, പലരെയും എനിക്ക് ഇഷ്ടമായിട്ടുണ്ട് , ഇഷ്ടപെട്ടിട്ടുണ്ട്. പക്ഷേ അവരാരും എന്റെ ലൈഫിൽ ഉറച്ചുനിന്നിട്ടില്ല. പതുക്കെ കാര്യമില്ലാതെ പ്രഭാതത്തിലെ മഞ്ഞുപോലെ അവരെല്ലാം അപ്രത്യക്ഷരായിട്ടുണ്ട്. എന്റെ ആദ്യകാല പ്രണയങ്ങളിൽ ഒരാളായ മലബാർ മുസ്ലിം പെൺകുട്ടി ‘ജാസ്മിൻ’ എന്നോട് പറഞ്ഞിട്ടുണ്ട്

“ ആദ്യം നീ നിന്നെ ഇഷ്ടപ്പെടുക അപ്പോൾ നിനക്ക് നിന്നെ ഇഷ്ടപ്പെടുന്നവരെ ഇഷ്ടപ്പെടാൻ ആകും”

 പക്ഷേ എന്തുകൊണ്ടോ അത് ഇതുവരെ നടന്നിട്ടില്ല. ജെയിൻ വയലിനുമായി വന്നു. അവളെന്നെ ഡെക്കിന്റെ  കോർണറിലേക്ക്  കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു ചെറിയ പൂൾ ഉണ്ടായിരുന്നു. ഞങ്ങൾ പൂളിൽ കാലിട്ടിരുന്നു. പൂളിലെ വെള്ളത്തിന് ചെറിയ ചൂടുണ്ടായിരുന്നു. അരണ്ട വെളിച്ചം മാത്രം. ബെയർ പിന്നെയും ഡ്രിങ്കിന്റെ ട്രേ  കൊണ്ടുവച്ചു. അവൾ രണ്ടു ഷോട്ട് കൂടി അകത്താക്കി,  പിന്നെ വയലിൻ വായിച്ചു. ഞാനെന്റെ വിസ്കി രുചിച്ചിരുന്നു. അവൾ എല്ലാം മറന്ന് വയലിൻ മീട്ടി. ഒരിക്കലും ഞാൻ കേട്ടിട്ടില്ലാത്ത ഗാനമോ ട്യുണോ ആണ്. പക്ഷേ അത് അവളുടേയും എന്റെയും ഹൃദയം തുളച്ച് ഉള്ളിൽ പോകുന്നതായി ഞാൻ അറിഞ്ഞു. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അവ വറ്റാതെ ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവൾ വായന നിർത്തി എന്റെ തോളിൽ ചാരി ഇരുന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു, അവൾ പെട്ടെന്ന് തേങ്ങി. ഞാൻ അവളെ എന്നിലേക്ക് ചേർത്ത് അമർത്തി. എന്റെ കവിളുകളെ അവളുടെ കവിളുകളോട് ഞാൻ ചേർത്തു വച്ചു. എന്റെ ശരീരം ചൂടാകുന്നത് ഞാനറിഞ്ഞു. എനിക്ക് അവളെ ഉമ്മ വെക്കണം എന്ന് തോന്നി.

“ നീ എന്തിനാണ് ഒളിച്ചു വെക്കുന്നത്, നിനക്കെന്നെ എത്രവേണമെങ്കിലും ഉമ്മ വെക്കാം.”

 ഞാൻ പെട്ടെന്ന് മുഖം മാറ്റി, ഇവൾ  എത്ര വേഗം എന്റെ മനസ്സ് വായിക്കുന്നു. പിന്നെ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

“I got one more point”

 പിന്നെ പെട്ടെന്ന് അവൾ സീരിയസ് ആയി.

“Please Don’t go, don’t leave me”

‘പോവരുത് ‘അതേ വാക്ക്, ഞാൻ എപ്പോഴും കേൾക്കുന്ന അതേ വാക്ക്. എന്തുകൊണ്ടോ എന്റെ ശരീരം ചെറുതായി വിറച്ചു.

“ തണുക്കുന്നു എങ്കിൽ എന്നെ ചേർത്തു പിടിക്കുക”

 പിന്നെ അവൾ അവളുടെ ജാക്കറ്റ് ഊരി എനിക്ക് തന്നു. നെഞ്ചിടിപ്പോടെ ഞാൻ കണ്ടു. അവളുടെ കൈകൾ ഷോൾഡർ കഴുത്ത്. ഇത്ര മനോഹരമായത് ഞാൻ കണ്ടിട്ടില്ല, ആഡ് ഫിലിം- മോഡൽസിന്റെ നഗ്ന ശരീരങ്ങൾ  ഞാൻ ധാരാളം കണ്ടിട്ടുണ്ട്, പക്ഷേ അവരുടെ പലഭാഗങ്ങളും പ്ലാസ്റ്റിക് സർജറി ചെയ്തു ശരിയാക്കിയത് ആയിരിക്കും. സിലിക്കോൺ നിറച്ച സ്തനങ്ങളും BOTOX ഇൻജെക്ഷൻ കൊണ്ട് പുതു ജീവൻ കൊടുത്ത ചർമത്തിനോടും,  എനിക്കൊരിക്കലും അട്രാക്ഷൻ തോന്നിയിട്ടില്ല.

“ നീ എന്റെ ജാക്കറ്റ് ഇടൂ, എന്നിട്ട് എന്നെ കെട്ടിപ്പിടിക്കു എനിക്ക് നിന്റെ ചൂട് മതി.”

 ഞാനവളെ അനുസരിച്ചു. എന്റെ വിസ്കി തീർന്നിരുന്നു.

“ദാ Last shot, പകുതി നിനക്കും പകുതി എനിക്കും”

 ഞാൻ ഗ്ലാസിനു കൈനീട്ടി. അവൾ ഗ്ലാസ് തരാതെ പറഞ്ഞു.

“ ഞാൻ ഒരു ക്രേസി ഐഡിയ പറയാം, നീ ഗ്ലാസ്സിൽ നിന്ന് കുടിക്കണ്ട, എന്റെ കവിളിൽ നിന്ന് കുടിക്ക്, അല്ലെങ്കിൽ വേണ്ട നിന്റെ വായിൽ നിന്ന് ഞാൻ കുടിക്കാം”

 അവൾ ഗ്ലാസ് എന്റെ വായിലേക്ക് കമിഴ്ത്തി

“ എറക്കരുത്”

 പിന്നെ അവൾ ചുണ്ടുകൾ എന്റെ ചുണ്ടോടടുപ്പിച്ചു. എന്റെ വായിൽ നിന്ന് അവൾ Tequila  വലിച്ചു കുടിച്ചു.

“Excellent, ഇത്ര സ്വാദോടെ ഡ്രിങ്ക് ഞാൻ കുടിച്ചിട്ടേയില്ല.”

 അവൾ എന്നെ കെട്ടിപ്പിടിച്ചു

“Kiss me Please”

 ഞാനവളുടെ തിരുനെറ്റിയിൽ ഉമ്മ വെച്ചു. പിന്നെ കണ്ണുകളിൽ, പിന്നെ മൂക്കിൽ, പിന്നെ ചുണ്ടുകളിൽ. കാറ്റിന് ശക്തി കൂടി, ആകാശത്ത് പൂർണ്ണചന്ദ്രൻ. നിറയെ നക്ഷത്രങ്ങൾ, നിലാവ് കടലിൽ വീണു മയങ്ങി കിടക്കുന്നു.

“ ഞാൻ ഇത്ര റൊമാന്റിക് ആയ രാത്രി കണ്ടിട്ടില്ല. നിലാവ്, കടൽ, നീ, ഞാൻ, പിന്നെ എന്റെ വയലിൻ. നിന്നെ ചേർത്ത് പിടിച്ച് ഈ രാത്രി ഞാൻ വിളിക്കട്ടെ.”

 അവൾ എന്നെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ച്, എന്റെ പുറം കഴുത്തിൽ അവളുടെ ചുണ്ടുകൾ ഉരച്ചു. അവളുടെ ശരീരത്തിലെ പ്രതല വ്യത്യാസങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു. എന്നിലെ പുരുഷനും എന്നിലെ ഞാനും തമ്മിൽ യുദ്ധത്തിലായി. ആര് ജയിക്കും എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. കാറ്റിന് ശക്തി കൂടി. കടലിളകി, ഞങ്ങളെ കണ്ട് കടലിനും കാറ്റിനും ഭ്രാന്ത് പിടിച്ചു.

“വാ ക്യാബിനിൽ പോകാം”

 അവൾ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അവൾ ക്യാബിൻ ഉള്ളിലേക്കു കടന്നതും എന്നെ കെട്ടിപ്പിടിച്ച് ബെഡിലേക്ക് മറിഞ്ഞു.

“ ഞാൻ നിന്നെ ഇങ്ങനെ ആഞ്ഞു കെട്ടിപ്പിടിച്ചു കിടക്കട്ടെ. ഞാൻ നിന്നെ ഉപദ്രവിക്കുന്നുണ്ടോ  സന്തോഷ്”

“ ഏയ് ഇല്ല”

 ഞാൻ എന്നെ നിയന്ത്രിക്കാൻ പാടുപെടുകയാണ് എന്ന് മനസ്സിൽ പറഞ്ഞു. അപ്പോഴേക്കും അവൾ അത് പറഞ്ഞു കഴിഞ്ഞു. പിന്നെ അതേ ചിരി ചിരിച്ചു.

“I got one more point, നീ ഇന്ന് എനിക്ക് വേണ്ടി നിന്നിലെ പുരുഷനെ നിയന്ത്രിക്കുക. എന്നെ സെക്സിനുവേണ്ടി ഉപയോഗിക്കാതിരിക്കുക.”

 എനിക്കിപ്പോൾ  അവളെ പേടിയായി തുടങ്ങിയിരിക്കുന്നു. എനിക്കൊന്നും മനസ്സിൽ ചിന്തിക്കാനേ കഴിയുന്നില്ല. അതിനു മുൻപ് അവൾ അത് വിളിച്ചു പറയുന്നു.

“ നിനക്കറിയുമോ എന്താണ് മനുഷ്യർ ഏറ്റവും കൊതിക്കുന്നതെന്ന്. കെയർ, ആശ്വാസവാക്കുകൾ, തലോടലുകൾ. നീ കണ്ടിട്ടില്ലേ പാലൂട്ടുമ്പോൾ അമ്മ കുഞ്ഞിനെ തട്ടുന്നത്. അതിന്റെ പുറകിൽ തലോടുന്നത്. അമ്മയുടെ പാലിനേക്കാൾ കുട്ടി ആഗ്രഹിക്കുന്നതും ആനന്ദിക്കുന്നതും ആ Pampering ആണ്, അതുപോലെ നീ എന്നെ കൊഞ്ചിക്കുക, നീ എന്റെ അമ്മ ആകുക. ഞാനൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആ ലാളന നിനക്ക് തരാൻ കഴിയും. വിധി എന്നൊക്കെ പറയാറില്ലേ, അല്ലെങ്കിൽ നിമിത്തങ്ങൾ അതാണ് നമ്മുടെ കണ്ടുമുട്ടൽ.”

 അവൾ പിന്നെയും തുടർന്നു

“ ഓരോ പുരുഷനും സ്ത്രീ പുരുഷ സമ്മിശ്രമാണ്. നിന്നിലെ സ്ത്രീയെ നീ ഉണർത്തിയ എടുക്കുക. ആ സ്ത്രീ ഇന്ന് എന്റെ അമ്മ ആകട്ടെ. ആ അമ്മ എന്നെ താലോലിക്കട്ടെ, ആ താലോലിക്കലിൽ എനിക്ക് എന്നെ തന്നെ മറക്കണം.”

 എനിക്ക് അപ്പോൾ മനസ്സിൽ വന്നത് പറയാതിരിക്കാനായില്ല. ആലോചിക്കാതെ ഞാൻ അത് പറഞ്ഞു.

“ ജെയിൻ, നീ കത്തുന്ന സൗന്ദര്യമുള്ള ഒരു പെണ്ണാണ്. നിന്റെ ശരീരവും മനസ്സും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. എനിക്ക് എത്ര എന്നുവെച്ച് എന്നെ കൺട്രോൾ ചെയ്യാനാവും. ഇന്നു നീ എനിക്ക് എന്റെ കിടപ്പറയിലെ പ്രണയിനി ആവുക. ഞാൻ നിന്നിൽ അലിഞ്ഞു ഇല്ലാതാവട്ടെ. എന്നെ നിന്നിലേക്ക് ഏറ്റെടുക്കുക, ജെയിൻ എനിക്ക് നിന്നെ വേണം.”

“ നീ എന്നെ എടുത്തു കൊള്ളുക, നിന്റെ സാമീപ്യം എനിക്ക് ഇഷ്ടപ്പെടുന്നു. നിന്നെ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ നീ ഇന്ന് എന്നെ ശാരീരികമായി ഉപയോഗിക്കില്ലന്ന് എനിക്ക് വാക്ക് തരിക, നമുക്ക് പരസ്പരം കെട്ടിവരിഞ്ഞു കിടന്നുറങ്ങാം, കുട്ടികളെപ്പോലെ. നിന്റെ കയ്യിൽ ഡ്രിങ്ക് ഉണ്ടോ? നമുക്ക് ബോധം മറയുന്നതുവരെ ഇന്ന് കഴിക്കാം. ഞാൻ നിനക്ക് പാട്ടുപാടി തരാം, നീയെന്നെ ഉറക്കുക. ഞാൻ നിന്നെയും ഉറക്കാം.”

 ഞാൻ ബാഗിൽ നിന്നും വിസ്കി എടുത്തു. വെള്ളം ചേർക്കാതെ ഞങ്ങൾ രണ്ടും കുപ്പിയിൽ നിന്ന് കുടിച്ചു.

“ നീ എന്നെ ഇട്ടിട്ട് പോകരുത്, എന്റെ Wave Length ഉം നിന്റെ Wave Length ഉം ഒന്നുതന്നെ, നമുക്ക് പിരിയാതിരിക്കാം”

“ ജയിൻ, നീ എന്നെക്കാൾ വളരെ ഇളയതാണ്, നിനക്കെന്നെ മടുക്കും”

“ ഇല്ല, നിന്റെ ഹൃദയത്തിന്റെ ഇടുപ്പ് ഞാൻ ശ്രദ്ധിച്ചു, അതെന്നെ വിളിക്കുന്നു. എനിക്കത് കേൾക്കാം, വാ എന്നെ നിനക്ക് തോന്നുന്നു അത്രയും ഉമ്മ വയ്ക്കുക. എന്നെ നിനക്ക് തോന്നിയപോലെ Pamper ചെയ്യുക. പിന്നെ ഞാൻ നിന്നെ ഉറക്കാം, നീ എന്നെയും”

ഞങ്ങൾ പരസ്പരം കെട്ടിവരിഞ്ഞു കിടന്നു.

ഷിപ്പിന്റെ ആട്ടം തൊട്ടിലിലേതുപോലെ എനിക്ക് തോന്നി. അവൾ ഏതോ നാടൻ lullaby പാടി, എന്റെ പുറത്തു തട്ടി. ഞാൻ അവളുടെ പുറത്തും. ഞങ്ങൾ ഉറങ്ങി.

 ഞാൻ എണീറ്റത് ഷിപ്പിലെ അനൗൺസ്മെന്റ് കേട്ടാണ്. Auck land ലേക്ക് കപ്പൽ അടുക്കുന്നു എന്ന അനൗൺസ്മെന്റ്. ഞാൻ കണ്ണു തുറന്നു നോക്കിയത് അവളുടെ മുഖത്തേക്ക് ആണ്. അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവൾ തലേന്നത്തേക്കാൾ സുന്ദരിയായിരിക്കുന്നു.

“ റെഡി ആയിക്കോ നമ്മൾ എത്തി”

 ഞാൻ വേഗം വാഷ് റൂമിൽ പോയി വന്നു. അവൾ കൈ നീട്ടി, ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു.

“ ജെയിൻ നീ എന്റെ അമ്മയും സഹോദരിയും കാമുകിയും ആകുക.”

“ അതെ ഞാൻ നിന്നെ എല്ലാമാണ്”

 ഞാൻ ആദ്യമായി എന്റെ ജീവിതത്തിൽ ഒരാളോട് പറഞ്ഞു

“ പോകരുത്”

“ ഞാൻ പോവില്ല, നിനക്കായി ഞാനുണ്ടാവും, പക്ഷേ…”

 അവൾ നിർത്തി.

“ നീ എന്നെ അക്സപ്റ്റ് ചെയ്യുമോ എന്ന് എനിക്കറിയില്ല”

“ ഈ ലോകത്ത് എന്ത് എതിർത്താലും ജയിൻ എനിക്ക് നിന്നെ പിരിയാൻ ആവില്ല, you are so perfect for me. ഇന്നലെ രാത്രി പോലെ അത്ര കംഫർട്ടബിൾ ആയി ഞാൻ ഞാൻ ഉറങ്ങിയിട്ട് വർഷങ്ങളായി. ആ സുഖം, ആ ജീവിതം എനിക്ക് തരാൻ നിനക്ക് മാത്രമേ കഴിയൂ. എല്ലാം ഉപേക്ഷിച്ച് നമുക്ക് പോകാം. കേരളത്തിലെ എന്റെ ഗ്രാമത്തിലേക്ക്. നെൽവയലുകളുടെ നടുവിലുള്ള എന്റെ ചെറിയ വീട്ടിലേക്ക്. എല്ലാം വലിച്ചെറിഞ്ഞ് നിന്റെ വയലിൽ മാത്രമെടുത്ത് നീ വരിക. പുഴകളും, കിളികളും രാവിലകളിലെ നേരിയ മഞ്ഞും നമുക്കായി അവിടെ കാത്തിരിക്കുന്നു. ജെയിൻ പോകരുത്..”

 അവൾ എന്നെ വീണ്ടും ഹഗ്ഗ് ചെയ്തു. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ തേടിയെത്തി. തലച്ചോറിൽ അനുരാഗത്തിന്റെ തീമഴ പെയ്‌തു. പിന്നെ അവളുടെ ചുണ്ടുകൾ എന്റെ ചെവിയെ തിരക്കിയെത്തി. പിന്നെ പതുക്കെ പറഞ്ഞു.

“ എനിക്ക് നിന്നെയും വേണം, നീ പോയാൽ എനിക്ക് ഭ്രാന്ത് ആകും. പക്ഷേ നിനക്കറിയുമോ ഞാനൊരു പെണ്ണല്ല, I am a Trance Women “

 ഞാനൊന്നു ഞെട്ടിയോ? പക്ഷേ അവളെ തള്ളി മാറ്റാൻ എനിക്ക് കഴിഞ്ഞില്ല. പിന്നെയും അവൾ പറഞ്ഞു.

“ പെണ്ണ് കൂടുതൽ ഉള്ള ഒരാണാണ് ഞാൻ. എന്നെ വിട്ടു പോകരുത്. നിനക്ക് പ്രയാസമാണെന്ന് എനിക്കറിയാം, അംഗീകരിക്കാൻ. പക്ഷേ എന്തോ എന്നെ നിന്നിലേക്ക് ആകർഷിക്കുന്നു, Don’t leave me. നിനക്ക് തള്ളിമാറ്റി പോകാം, നിന്റെ മനസ്സ് പറയുന്നത് എനിക്കിപ്പോൾ വായിക്കാം. എന്നെപ്പോലൊരാളെ നീ കണ്ടിട്ടില്ല നിന്റെ ജീവിതത്തിൽ ഒരിക്കലും, അല്ലേ ശരിയല്ലേ. ശരിയാണ് നിന്റെ മനസ്സ് പറയുന്നത് ഇനിയും ചിലപ്പോൾ നീ കണ്ടുമുട്ടുകയും ഇല്ല.”

 അതു പറയുമ്പോൾ അവൾ കിതച്ചിരുന്നു. എന്റെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നു വരാത്തത് എന്താണ് ഞാൻ ഓർത്തു. റാം, അലൻ പീറ്റർ ഇപ്പോൾ ഇവളോ അതോ ഇവനോ. ജെയിൻ എലിസബത്ത് അതിനുള്ള ഉത്തരം കണ്ടെത്തുന്നതിനു മുൻപേ അവൾ പറഞ്ഞു.

“ പുരുഷനും സ്ത്രീയും പ്രകൃതിയുടെ Creation ന്റെ  പൂർണതയില്ലായ്മകളാണ് . നിന്റെ ഇന്ത്യൻ ഫിലോസഫിയിൽ ഉള്ള അർദ്ധനാരീശ്വര സങ്കല്പം ഇല്ലേ, അതാണ്  Perfect Creation പുരുഷനും സ്ത്രീയും ചേർന്ന് രൂപം. നീ സാധാരണ പുരുഷനല്ല. നിന്റെ ആത്മാവിലൊരു അർദ്ധനാരീശ്വരൻ ഉണ്ട്. ഒരു ശിവലിംഗം പോലെ. നിനക്കൊരിക്കലും ഒരു ഗേൾഫ്രണ്ടോ പാർട്ണറോ ഉണ്ടാകില്ല വരികയുമില്ല. നിന്നിലേക്ക് പ്രകൃതി ഞങ്ങളെ അയക്കുന്നത് അതിനാലാണ്. എന്റെ Identity യും Previous Experience ഉം ഉപേക്ഷിച്ച്, നീ പറഞ്ഞപോലെ ആ വയലിൻ മാത്രമെടുത്ത് വരാം. എന്നെ നിന്റെ വയലുകൾക്ക് നടുവിലുള്ള വീട്ടിലേക്ക് കൊണ്ടു പോവുക.”

 ഞാൻ അവളുടെ കണ്ണുകളിൽ നോക്കി. കടലിന്റെ ആഴം ആ കണ്ണുകളിൽ. ഞാനതിലേക്ക് ആഴ്ന്നു പോകുവാൻ കൊതിച്ചു, അവിടെ രത്നങ്ങൾ കണ്ടെത്തുവാൻ കൊതിച്ചു.

 ഷിപ്പ് ഒരിളക്കത്തോടെ നിന്നു. ഞാനവളെ അമർത്തി പുണർന്നു, ഞങ്ങളുടെ ചുണ്ടുകൾ ഒന്നായി. പിന്നെ എന്റെ ചുണ്ടുകൾ അവളുടെ ചെവിയെ തേടി. അവളുടെ ചെവിയിൽ ഒന്നു ഞാൻ പറയാൻ ആഞ്ഞു. പെട്ടെന്ന് അവൾ എന്റെ ചുണ്ടിൽ വിരലുകൾ വെച്ച് പറയരുതെന്ന് ആംഗ്യം കാട്ടി പറഞ്ഞു.

“ ഈ guessing ൽ ഞാൻ ഒന്നുകൂടി ജയിക്കട്ടെ, ഒരു പോയിന്റ് കൂടി എനിക്ക് കിട്ടട്ടെ, ഞാൻ പറയാം”

പിന്നെ അവളുടെ ചുണ്ടുകൾ എന്റെ ചെവിയോടു ചേർത്തു വച്ച് അവൾ പറഞ്ഞു

“ഞാൻ ഒറ്റക്ക് പോകുന്നില്ല, പകരം നമ്മൾ ഒന്നിച്ചു പോകും, അതല്ലേ നീ പറയാൻ പോയത്.”

“ അതേ”

 പിന്നെ ഞാൻ അവളെ ഗാഢമായി പുണർന്നു. ഞങ്ങൾ ഒരാത്മാവായി.

Add comment

By Anil