പാട്ടുകാരി പെണ്‍കുട്ടി

Audio Clip

ആസാം, ഞാൻ നിന്നെ എന്താണ് വിളിക്കുക.? എന്റെ നാട്ടിൽ നിന്നെ ചിലപ്പോൾ ആമിനയെന്നോ സൂറയെന്നോ വിളിക്കും. അവളുടെ കണ്ണുകൾ തിളങ്ങി. തലമൂടിയ അവളുടെ തുണിയിൽ ഞാൻ തൊട്ടപ്പോൾ അവൾ വിറച്ചിരുന്നു. അവളുടെ കൺതടങ്ങളിൽ എന്റെ ചൂണ്ടുവിരലുകൾ ചിത്രം വരച്ചു. ആസാം, നിനക്കൊരു തിരിച്ചു പോക്കില്ല, എനിക്കും. നിന്റെ ഭർത്താവ് നിന്നെ കാത്തിരുന്ന് ഉറങ്ങും. ഇവിടെ കരോ ബ്രിഡ്ജിന് നിന്റെ ദാർ മ്യൂസിക് ഇൻസ്ട്രുമെന്റ്സിന്റെ സംഗീതം എന്നെ കഞ്ചാവ് പോലെ മത്തനാക്കട്ടെ. ആസാം, നിനക്കെന്നെ മറക്കാനാവുമോ.? അതോ ഭർത്താവിനെയോ.? അയാൾക്കെന്താണ് വേണ്ടത്? ഇണചേരലോടെ തളർന്നു പോകുന്ന നിന്നെ തോൽപ്പിക്കുന്നതായിരുന്നില്ലേ അയാളുടെ സന്തോഷം.? എനിക്ക് നിന്നെ മാത്രം മതി. ദാറിന്റെ തന്ത്രികളിൽ മുറിപ്പെട്ടേക്കാവുന്ന നിന്റെ വിരലുകൾ. എനിക്ക് ആ വിരലുകളെ ചലിപ്പിക്കുന്ന നിന്റെ മനസ്സ് അതിലാണ് എനിക്ക് കമ്പം. ആസാം, നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് ചേർത്ത് വെക്കുക. ഏറ്റവും ദീർഘമായ കാലം യുദ്ധം ചെയ്ത് തളർന്ന രാജ്യത്താണ് നീയുള്ളത്, ഇറാനിൽ. നിന്റെ രക്തത്തുള്ളിയിൽ ഡിഎൻഎയിൽ അതുണ്ട്. ആ സുരക്ഷിതമില്ലായ്മ നിന്നെ ഉറക്കം കിടത്തുന്നുവെങ്കിൽ നീയവരോട് പറയുക. എനിക്കൊരു സുഹൃത്തുണ്ട്. സമാധാനം കൊതിക്കുന്ന ഭാരതത്തിൽ നിന്ന്.

മനസ്സ് മാത്രം തരുന്നതോ കൊടുക്കുന്നതോ ആണോ സുഹൃത്വം.? ഞാൻ നിന്റെ ചുണ്ടുകളിൽ ഉമ്മ വെച്ചാൽ ഞാൻ സുഹൃത്ത് അല്ലാതാവുമോ.? എന്റെ ശരീരം നിന്റെ ശരീരത്തിലുരഞ്ഞ് നമുക്ക് തീ പിടിച്ചാൽ നമ്മൾ സുഹൃത്തുക്കളല്ലാതാവുമോ? 
ആസാം ഞാൻ നിന്നിൽ നിന്നൊന്നും പ്രതീക്ഷിക്കുന്നില്ല. എനിക്ക് നിന്നെ ശാരീരികമായി പ്രണയിക്കണമെന്നില്ല. നിന്റെ മനസ്സാണ് എനിക്കെല്ലാം. വെളുത്തു തുടുത്ത മൂടിപ്പുതച്ച നിന്റെ ശരീരത്തോട് എനിക്കൊരാകർഷണമുണ്ട്. നിന്നെ കെട്ടിപ്പിടിക്കുമ്പോഴൊക്കെ എപ്പോഴൊക്കെയോ എന്നിലെ പുരുഷൻ തലയുണർത്താറുണ്ട്. അപ്പോഴൊക്കെ ഞാൻ ‘ശ്ശ്.. ശ്ശ്.. ശരിയല്ല’യെന്ന് എന്നെ തന്നെ ശാസിക്കാറുണ്ട്. ആസാം.. നിന്റെ ശരീരവും മനസ്സും എനിക്ക് തരിക. ഞാൻ നിന്നെ പ്രണയിക്കട്ടെ. എന്റെ കത്തുന്ന ഏകാന്തതകളിൽ നീ കൂട്ടായെത്തുക. 
എന്നെ പരിചയപ്പെട്ടപ്പോൾ നീയൊന്നും പറഞ്ഞില്ല. മുബിനാണ് നിന്നെ പരിചയപ്പെടുത്തിയത്. പക്ഷേ, നിന്റെ കണ്ണുകളിൽ ഞാൻ വായിച്ചു. നിനക്കെന്നോട് എന്തോ പറയാനുണ്ട്, അതൊരു പ്രണയമാണെന്ന്.

ഇറാന്റെ പഴയ തെരുവുകളിൽ ഗലികളിൽ എന്റെ തോൾ പറ്റിച്ചേർന്നു നീ നടന്നു. എവിടെയോ നിന്റെ കൈകൾ എന്റെ കൈകളെ പിടിച്ചപ്പോൾ ഞാൻ നിന്നെ നോക്കി. “അവിടെയെനിക്ക് പോകണം” നീ പറഞ്ഞു. “അവിടെയെന്താണ്?  “നീ പറഞ്ഞു. “സംഗീതം, പേർഷ്യൻ സംഗീതം” പിന്നെ എന്റെ നടപ്പിന് വേഗം കൂടി, ഞാൻ പിറകെ കൂടി. അവൾക്ക് എന്ത് മണമായിരുന്നു. എവിടെയോ ഞാനോർത്ത് മറന്ന മണം. ആസാം, ഇവിടം മുഴുവൻ സംഗീത ഉപകരണങ്ങളാണ്. പഴയ പേർഷ്യൻ സ്ട്രിംഗ് ഇൻസ്ട്രുമെന്റ്സ്. നീയെന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്? ഇടുങ്ങിയ മതിലുകളുടെ അവസാനം ആ യാത്ര നിന്നു. അവളെ കണ്ട് അയാൾ ചോദിച്ചു. “കൊണ്ട് വന്നിട്ടുണ്ടോ? “അവളെന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. “നൂറ്റമ്പത് ഡോളേർസ്.”ഇറാന്റെ നോട്ടുകൾക്ക് പൂജ്യങ്ങൾ വലുതാണ്. പൂജ്യങ്ങൾ ആണ് എപ്പോഴും ജീവിതത്തിൽ വലുത്. പക്ഷേ വിലയില്ലാത്തതും പൂജ്യങ്ങൾക്കാണ്. ക്യാഷ് ഞാനവൾക്ക് കൊടുത്തു. പിന്നെ കാരോ ബ്രിഡ്ജിന് താഴെ ഒരു സാൻഡ്വിച്ചിനെ ഖബറടക്കി ഞങ്ങൾ അടുത്തിരുന്നു. “നീ എന്റെ ശരീരം എന്റെ മനസ്സ് ഇതിലേതാണ് നിനക്ക് വേണ്ടത്? ” അവൾ ചോദിച്ചു. “നീ പാടുക, എനിക്കത് മതി” അവളുടെ വിരലുകൾ ഉണർന്നു. അവിടെ ഞാനന്നെ മറന്നു. അവളും അവളുടെ സംഗീതവും മാത്രം. റൂമിൽ അവളുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ അവളേതോ ലോകത്തായിരുന്നു. അവളുടെ വയറ്റിൽ എന്റെ ചുണ്ടുകളിഴഞ്ഞപ്പോൾ അവളെന്നോട് ചോദിച്ചു. “നിനക്ക് വേറെയൊന്നും തോന്നുന്നില്ലെേ””നിനക്കോ? ” ഞാൻ തിരിച്ചു ചോദിച്ചു. “അമ്മ പാത്രങ്ങൾ എറിഞ്ഞുടക്കുമ്പോൾ ഉപ്പ വായിച്ച ദാറിന്റെ സംഗീതം മാത്രമേ എനിക്കോർമയൊള്ളൂ. എറിഞ്ഞുടയ്ക്കുന്ന പാത്രങ്ങളുടെ സംഗീതം എനിക്കോർമ്മയില്ല. “ഞാനവളെ അറിഞ്ഞു. തികച്ചും തിരിച്ചറിഞ്ഞു. അവളുട വിരലുകളുടെ രുചി, നാവിന്റെ രുചി പിന്നെ അവളുട ഹൃദയത്തിന്റെ തുടിപ്പ് എല്ലാം ഞാനറിഞ്ഞു. “പോവരുത്. ” ഞാനവളോട് പറഞ്ഞു. “പോകാനിടമില്ലാത്തവരോട് എന്തിനാണ് അഭ്യർത്ഥന? ” അവൾ ചോദിച്ചു. അവളോട് ഞാൻ പറഞ്ഞു. “നീ ഞാനാവുക, എന്റെ ശരീരവും മനസ്സും പോലെ, എന്റെ മനസ്സിന്റെ നിന്നോടുള്ള പ്രേമമോ ഇഷ്ടമോ പോലെ. “പരസ്പരം ശാരീരികമായി തോൽപ്പിക്കാൻ നടത്തുന്ന പന്തയമല്ല പ്രേമം എന്ന തിരിച്ചറിവ് എന്നാണ് നമുക്കുണ്ടാവുക? എന്റെ ഉമിനീര് നിന്റേതാവുമ്പോൾ നിന്റെ വിയർപ്പിന്റെ ഉപ്പുരസം ഞാനറിയുമ്പോൾ അതാണോ പ്രേമം? അല്ല, പ്രേമം വേറെന്തല്ലാമോ ആണ്. നിന്റെ പുറം കഴുത്തിലും നെഞ്ചിലും എന്റെ ചുണ്ടുകൾ എന്തോ കണ്ടെത്താനായി ശ്രമിച്ചു കൊണ്ടേയിരുന്നു. പിന്നെ ഞാനറിഞ്ഞു, നിന്നെ എന്നോടടുപ്പിച്ചത് എന്റെ ചുണ്ടുകളോ നിറമോ തൊലിയോ അല്ല. പിന്നെയെന്ത്? ആസാം, വരിക.

നിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു കളയുക. എന്നെ ആലിംഗനം ചെയ്യണം. എന്റെ മനസ്സിൽ നിറയുന്ന നിന്നിലേക്കൊഴുകട്ടെ. ഉറങ്ങുന്ന ഒരു സ്നേഹത്തിന്റെ പുഴ നമുക്കുണർത്തിയെടുക്കാം. ആസാം, നീ സംഗീതത്തിന് ജീവൻ കൊടുക്കുക. ഞാനതിൽ മയങ്ങട്ടെ എല്ലാം മറന്ന്. എല്ലാത്തിനേയും ഉറക്കുകയും ഉണർത്തുകയും ചെയ്യുന്ന നീയാണ് ശക്തി. അതാണ് സ്ത്രീ. അതാണ് നീ. ഞാനോ ശക്തിയറിയാത്ത പുരുഷൻ. പക്ഷേ, നീയില്ലാതെ ഞാനില്ല. ഞാനില്ലാതെ നീയും. ആസാം, ഐ ലവ് യൂ.

1 comment

  • Somewhere touching a cord of uncertainty between love and friendship and yet like twin flames they were one.
    Good grasp of a brief line of a story. Poignant yet a magic weaved. Brave attempt Sir.

By Anil