അമ്മ സ്നേഹിക്കുന്ന മലമ്പാമ്പ്

Audio Clip

മുന്നാറിൽ എന്നും തണുപ്പ് കാലത്ത് അങ്ങനെയാണ്,  കരിമ്പടത്തിനുള്ളിൽ നിന്ന് ഇറങ്ങാനെ തോന്നില്ല. എല്ലാം തണുത്തു വിറച്ചിരിക്കും. വീടിന്റെ പാട്ട ചുവരുകളിൽ തൊട്ടാൽ  കൈ കോച്ചും. മഞ്ഞു കാലത്തു വായ് തുറന്ന് ശ്വാസം വിടാൻ എനിക്കിഷ്ടമാണ്. വായിൽ നിന്നു പുകവരും. എപ്പോഴും തോന്നും അത് എന്റെ മനസിലെ  തീയാണെന്ന്“എന്താ ഇത്ര ചിന്ത വയസ് പതിനൊന്നല്ലേ ആയുള്ളൂ “അടുത്ത വീട്ടിലെ വയസ്സിത്തള്ള എപ്പോഴും കുറ്റം പറയും. 

“ജാനു.. എണീക്ക് “

എന്നത്തേയും പോലെ ഇപ്പോൾ  അമ്മ വിളിക്കും. ഈ തണുപ്പൊന്നും വക വെക്കാതെ അമ്മ ഇന്നും നേരത്തേ എണീറ്റു. ഏതാണ്ട് ഒരാഴ്ചയായി അമ്മ ഒരുക്കം തുടങ്ങിയിരുന്നു. എല്ലാം അടുക്കി പെറുക്കി വെച്ചു. കാൽ പെട്ടിയിൽ നിന്നു തുണികൾ എടുത്ത് കുടഞ്ഞു വെയിലത്തിട്ടു. കിടക്ക വിരികളെല്ലാം നനച്ചിട്ടു,  എന്നിട്ട് ഒരു താക്കീതും. “

എല്ലാം എടുത്തു ചീത്തയാക്കണ്ട “കരിമ്പനടിച്ച തോർത്തുകൾ കാരവെള്ളത്തിലിട്ട് തിളപ്പിച്ച്‌ നനച്ചു മടക്കി വെച്ചു. തേങ്ങയാട്ടു മില്ലിൽ നിന്ന് വെളിച്ചെണ്ണ വാങ്ങി വന്നു, ഏതോ പച്ചിലമരുന്നിട്ടു വെളിച്ചെണ്ണ കാച്ചി വെച്ചു. രണ്ട് പൂവൻ കോഴികളെ വിലക്ക് വാങ്ങി നിറയെ തീറ്റകൊടുത്തു വണ്ണം വെപ്പിക്കുന്നു. സമയം കിട്ടിയാൽ അവ തമ്മിൽ കൊത്താൻ തുടങ്ങും. മടക്കിവെച്ചിരുന്ന പഞ്ഞി കിടക്ക വെയിലത്തിട്ട് തല്ലി റെഡി ആക്കി മടക്കി വെച്ചു. പിന്നെ അമ്മ ഒരുങ്ങി തുടങ്ങി. അടുത്ത വീട്ടിലെ രത്നയുടെ അമ്മയെ കൊണ്ട് തലമുടിയുടെ അറ്റം മുറിപ്പിച്ചു. അങ്ങാടിയിൽ നിന്ന് നെയിൽ പോളീഷ് വാങ്ങി, പുതിയ രണ്ട് അടിവസ്ത്രങ്ങൾ വാങ്ങി. ഒരു ഡെപ്പി കുട്ടിക്കുറയും കുറച്ച്  കുപ്പിവളകളും വാങ്ങി. പിന്നെ പുതിയതായി വാങ്ങിയത് കോൾഗേറ്റ് റ്റൂത്ത്പേസ്റ്റും രണ്ട് ബ്രഷുകളും. 

“ഒന്ന് പൊട്ടിക്കണ്ട “ അമ്മ പറഞ്ഞു. 

“അപ്പോ എനിക്കോ”? 

“നമുക്ക് രണ്ടു പേർക്കും കൂടെ ഒന്ന് മതി, മറ്റേതു അവിടിരുന്നോട്ടെ. “

എല്ലാ മാസവും അമ്മ പട്ടണത്തിൽ പോകുമായിരുന്നു.  അതിന്റെ തലേനാൾ അമ്മ എണ്ണ പലഹാരം ഉണ്ടാക്കും നെയ്യപ്പമോ പരുപ്പുവടയോ ഏതെങ്കിലും ഒന്ന്. അന്ന് പണിക്ക് പോകാതെ ആദ്യ ബസ്സിൽ പട്ടണത്തിൽ പോകും, എല്ലാ മാസവും രണ്ടാം ശനിയാഴ്ച. അതിനു തലേന്നാണ് അമ്മ ഇപ്പൊ ഒരുങ്ങുന്നത് മാതിരി ഒരുങ്ങുന്നത്.  അപ്പോൾ അമ്മയെ കാണാൻ നല്ല ശേലാണ്.  അമ്മ സുന്ദരി ആണ്. ഇരുണ്ട നിറം, ചുരുണ്ടു തിങ്ങിയ മുടി ചന്തി വരെ കിടക്കും. അമ്മയുടെ കയ്യിലും കാലിലും മറ്റു പെണ്ണുങ്ങളേക്കാൾ രോമമുണ്ടായിരുന്നു. വല്ലപ്പോഴും തൃശൂര് നിന്നെത്തുന്ന അമ്മുമ്മ പറയും. 

“എങ്ങനെ ജീവിക്കണ്ടവളായിരുന്നു നിന്റെ അമ്മ, എത്ര കൊഞ്ചിച്ചു വളർത്തിയതാ, നൂറു പ്രാവശ്യം കാലിൽ പിടിച്ചു പറഞ്ഞതാ പോവണ്ടാന്ന്, വിധി. തണുപ്പും അട്ട കടിയും കൊണ്ട് തെയില നുള്ളുക, നിന്നെ പോറ്റാൻ”.  ഞാൻ ജനിക്കുമ്പോൾ മുതൽ കണ്ടിട്ടുള്ളത് എല്ലാം ഇതാണ്, മലകൾക്ക് പച്ച പെയിന്റ് അടിച്ചത് പോലെ തെയില ചെടികൾ.  തൊലി തുളച്ചു ഉള്ളിലേക്കു പോകുന്ന തണുപ്പ്. തല വഴി കരിമ്പടം മൂടി പുറകിൽ തൂക്കിയ കൊട്ടയുമായി കൊളുത്തു നുള്ളാൻ പോകുന്ന അമ്മ . ഉച്ചക്ക് അട്ട കടിച്ചു വീർത്ത കാല് ഉപ്പ്‌ വെള്ളത്തിൽ മുക്കി തിണ്ണയിൽ അമ്മ മലർന്നു കിടക്കും. 

“പഠിച്ചില്ലെങ്കിൽ അട്ടകടി കൊള്ളാനും കങ്കാണിയുടെ തെറി കേൾക്കാനും റെഡി ആയിക്കോ”അമ്മ എന്നും എന്നെ ചീത്ത വിളിക്കും. “ഞാനും പത്താംതരം വരെ തോൽക്കാതെ പഠിച്ചതാ,  നന്നായി ജീവിക്കാൻ വിധി വേണം.”. അമ്മയുടെ ജീവിതം എവിടെയാണ് താളം തെറ്റിയത്. അമ്മപറയും, അമ്മുമ്മയും പറയും വിധി ആണെന്ന്. നമുക്കൊന്നും ചെയ്യാൻ പറ്റാത്ത വിധിയെ എനിക്ക് വെറുപ്പായിരുന്നു. 

രത്നയുടെ അമ്മയാണ് പറഞ്ഞത്,  അമ്മ അച്ഛന്റെ ഒപ്പം പുറപ്പെട്ടു വന്നതാണെന്ന്. അമ്മയുടെ അച്ഛൻ തൃശൂരിൽ ഹോട്ടലിൽ കണക്കെഴുത്തുകാരൻ ആയിരുന്നു. അവിടെ പണിക്ക് വന്നതാണ് “പേരൻപ് “. അപ്പുപ്പൻ കൊടുത്തയക്കുന്ന പൊതി കൊടുക്കാൻ പേരൻപ് വീട്ടിൽ വരും. പിന്നെ കേൾക്കുന്നത് രശ്മി പേരൻപുമായി ഒളിച്ചോടി. രശ്മി എന്റെ അമ്മ, പേരൻപ് എന്റെ അച്ഛൻ. ഞാൻ ജാനു, പേരൻപിന്റെ മകൾ. ഒളിച്ചോടി മൂന്നാറിലെത്തുമ്പോൾ അമ്മ ഗർഭിണി ആയിരുന്നു. അലസാൻ വേണ്ടി അമ്മ രണ്ടു പ്രാവിശ്യം മരുന്ന് കഴിച്ചു. ഞാൻ പറ്റി പിടിച്ചു കിടന്നു, അടർന്നു പോന്നില്ല. ദേഷ്യം വരുമ്പോൾ അമ്മ പറയും. “ഈ ശല്യം ഒറ്റ ഒരുത്തിയാ എന്റെ ജീവിതം ഈ വിധമാക്കിയത്, നീ ഉണ്ടായില്ലായിരുന്നെങ്കിൽ സുഖിച്ചു തൃശൂരെങ്ങാനം ഇരിക്കേണ്ട ഞാനാ. “എപ്പോഴും ഞാൻ ഓർക്കാറുണ്ട് ; അപ്പൊ ഞാൻ ഒരു അധിക പറ്റായല്ലേയെന്നു. എനിക്ക് കൂട്ടുകാർ കുറവായിരുന്നു. ആരും ഇല്ല എന്ന് തന്നെ പറയാം. എനിക്കാകെ ഉള്ള കൂട്ട് പാറു എന്ന ചക്കി പൂച്ച ആയിരുന്നു. ഒരു മഴകാലത്ത് എവിടെനിന്നോ വന്നു കയറിയതാ, രണ്ടു ദിവസം അമ്മ കാണാതെ ഒളിപ്പിച്ചു വെച്ചു. പിന്നെ അമ്മ പിടിച്ചു. സഞ്ചിയിലാക്കി പണിക്ക് പോയപ്പോൾ അമ്മ കളഞ്ഞു. വൈകുന്നേരം പാറു തിരിച്ചെത്തി. ഒന്നുരണ്ടു തവണ ഇതാവർത്തിച്ചു. പിന്നെ മടുത്തു അമ്മ ആ പരുപാടി നിർത്തി. രണ്ടാഴ്ച കൂടുമ്പോൾ ബുധനും വ്യാഴവും അമ്മക്ക് സന്തോഷമാ, ചൊവ്വാഴ്ച രാത്രിയിൽ അമ്മ ഒരുങ്ങും. “പേരൻപ് വരുന്നതിന്റെ ഇളക്കമാ നിന്റെ തള്ളക്ക് “രത്നയുടെ അമ്മ  പറയും. 

അച്ഛന് എറണാകുളത്തു ചായക്കടയിലാ പണി. രണ്ടുനാൾ ലീവ് ഉണ്ട് രണ്ടാഴ്ച കൂടുമ്പോൾ. ബുധനാഴ്ച കാലത്തെത്തും. ഒരു സഞ്ചി നിറയെ സാധനങ്ങൾ ഉണ്ടാവും. എനിക്ക് ഒരു ഉടുപ്പ് പണ്ട് മുതലേ ഉണ്ടാകും. പുതിയ പലഹാരങ്ങൾ, പിന്നെ ഒരു മദ്യ കുപ്പിയും. അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. പക്ഷെ അമ്മക്ക് പണിക്ക് പോകാതിരിക്കാനാവില്ല. ഉച്ചക്ക് വഴിക്ക് നിന്ന് കിന്നാരം പറയാതെ അമ്മ ഓടി എത്തും. അമ്മ വരുമ്പോഴേക്കും കുപ്പി അച്ഛൻ പകുതി തീർത്തിട്ടുണ്ടാകും. പിന്നെ കൊഞ്ചലാ രണ്ടുപേരും കൂടി. എനിക്കത് കാണാൻ നല്ല ഇഷ്ടമായിരുന്നു. അച്ഛൻ രജനി ഫാനാ, പാട്ടും അഭിനയവും എല്ലാം കൂടി ഒരു ഉത്സവം. അവരുടെ ഇടയിൽ കിടന്നുറങ്ങുന്നതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. അച്ഛനെ കെട്ടിപിടിച്ചു കിടന്നുറങ്ങണം അതിനു ഞാൻ അമ്മയോട് എപ്പോഴും മത്സരമായിരിക്കും. ഞാൻ വെളുത്ത റോസും ചെത്തിയും പത്തുമണി പൂക്കളും മുറ്റത്തു വളർത്തി. ഒരു ബുധനാഴ്ച അമ്മ ജോലിക്ക് പോയ അന്ന് എന്നത്തേയും കാൾ തണുപ്പുണ്ടായിരുന്നു. എനിക്ക് ചെറിയ പനി ഉണ്ടായിരുന്നു. 

“ഇന്ന് സ്കൂളിൽ പോവണ്ട “അമ്മ പറഞ്ഞു. 

“കാപ്പി കുടിച്ചു കിടന്നുറങ്ങിക്കോ ചെടി വളർത്തലൊന്നും വേണ്ട

“കാപ്പി കുടിച്ചു കിടന്നു. അച്ഛൻ കുപ്പി തുറക്കുന്നത് കണ്ടു.

ഞാൻ വെള്ളമെടുത്ത് കൊടുത്തു. ഞാനൊരു പെരുമ്പാമ്പിനെ സ്വപ്നം കണ്ടു. അത് എന്നെ തേയില കാട്ടിലൂടെ ഓടിച്ചു. ഞാൻ പാത്തിരുന്നു. പെട്ടന്ന് എന്റെ പുറകിലൂടെ വന്നു  അതെന്നെ വരിഞ്ഞു മുറുക്കി. എനിക്ക് ശ്വാസം മുട്ടി. എന്റെ ശബ്ദം പുറത്തു വന്നില്ല. ഞാൻ ഞെട്ടി എണീറ്റു എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. എന്നെ പാമ്പ് വരിഞ്ഞു മുറുക്കിയിരുന്നു. പാമ്പല്ല അച്ഛൻ. അച്ഛൻ എന്നെ കെട്ടിപിടിച്ചിരിക്കുന്നു. എനിക്ക് ശ്വാസം മുട്ടി, ഞാൻ കൂതറി. അച്ഛന്റെ വടിച്ച താടിയുടെ കുറ്റിരോമങ്ങൾ എന്റെ മുഖവും കഴുത്തും വേദനിപ്പിച്ചു.

 “അച്ഛാ എനിക്ക് വേദനിക്കുന്നു”

അച്ഛൻ അത് കേട്ടില്ല, പെരുമ്പാമ്പിനെപോലെ അച്ഛൻ ഇപ്പൊ എന്നെ കൊല്ലുമെന്നെനിക്ക് തോന്നി. അച്ഛൻ കിതക്കുന്നുണ്ടായിരുന്നു. എനിക്ക് ശ്വാസം മുട്ടി. ഞാൻ ഉറക്കെ കരയാൻ ശ്രമിച്ചു. പെട്ടന്ന് ഒറ്റയടി എന്റെ കരണത്ത്. 

“കൊന്നുകളയും മിണ്ടരുത്”

ഇങ്ങനെയുള്ള അച്ഛനെ ഞാൻ ഇതുവരെ കണ്ടട്ടില്ല.

 “കണ്ണടക്കടി “

അതൊരലർച്ചയായിരുന്നു. കണ്ണടച്ചു. പെരുമ്പാമ്പ് എന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. തക്കം കിട്ടിയപ്പോൾ ഞാൻ ഓടാൻ ശ്രമിച്ചു. എന്റെ കൈകൾ പുറകിൽ കെട്ടി. ചൂലിൽ നിന്നും ഈർക്കിൽ ഊരി എന്റെ പാവാട പൊക്കി എന്നെ പലതവണ അടിച്ചു. ഞാൻ ആ കൈയ്യിൽ കടിച്ചു. എന്നെ എടുത്തു ഒറ്റ ഏറ്, അതുവരേയെ എനിക്ക് ഓർമ്മയൊള്ളു. അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. 

“ദാ.. മോള് കഞ്ഞി കുടിക്ക്”

“ഇങ്ങു തന്നൊ, ഞാൻ കൊടുത്തോളാം, നീ കുളിച്ചിട്ടു വാ “

കഞ്ഞിസ്പൂൺ ചുണ്ടോടടുപ്പിച്ചു അയാൾ പറഞ്ഞു,

“എന്തെങ്കിലും മിണ്ടിയാൽ കൊന്നുകളയും, നിന്നെ മാത്രമല്ല നിന്റെ തള്ളേയും.”

പിറ്റേന്ന് പനി കുറഞ്ഞു, അമ്മ പോയപ്പോൾ ഞാനും സ്കൂളിൽ പോകാൻ തയാറായി. 

“ഇന്ന് സ്കൂളിൽ പോകണ്ട, നിനക്ക് പനിയാ”

“എനിക്ക് പനിയില്ല”

“അത് നീയാണോ തീരുമാനിക്കുന്നത് പറഞ്ഞത് അനുസരിച്ചോണം,  വെള്ളം എടുത്തുകൊണ്ടു വാ”

അയാൾ കുപ്പി തുറന്നു ഞാൻ വെള്ളം കൊടുത്തു. പത്തു മണി പൂക്കൾ എല്ലാം വിരിഞ്ഞു തുടങ്ങി, ഞാൻ ആ പൂക്കൾ എല്ലാം പറിച്ച് തീ കൊളുത്തി അടുപ്പിലിട്ടു. പെട്ടന്ന് ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ അയാൾ പിന്നിൽ. എന്റെ പണ്ടത്തെ അച്ഛൻ അല്ല, “മലമ്പാമ്പ്”. അന്നും മലമ്പാമ്പ് എന്നെ വരിഞ്ഞു മുറുക്കി, എന്റെ നെഞ്ചത്തും തുടയിലും എല്ലാം കടിച്ചു. എന്നെ ശ്വാസം മുട്ടിച്ചു. എന്റെ ദേഹമാസകലം അരിച്ചു നടന്നു. പിന്നെ ഓടി തളർന്നവനെ പോലെ കിടന്നു കിതച്ചു. അന്ന് വൈകുന്നേരം മലമ്പാമ്പ് മലയിറങ്ങി. എന്നത്തേയും പോലെ അമ്മ മലമ്പാമ്പിനെ കെട്ടിപിടിച്ചു കരഞ്ഞു. 

“എന്താ ഇനി വരുമ്പോൾ മോൾക്ക്‌ വേണ്ടത് “

എന്നെ കെട്ടിപിടിച്ചു എന്റെ ചെവിയിൽ പറഞ്ഞു. 

“ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയും ഞാൻ “

മലമ്പാമ്പ് കുന്നിറങ്ങി പോയി, അമ്മ വിഷമിച്ചു ഞാൻ സന്തോഷിച്ചു. മുറ്റത്തെ റോസാ പൂക്കളും പത്തുമണി ചെടികളുമെല്ലാം ഞാൻ  പിഴുതു കളഞ്ഞു.

“നിനക്കെന്താ ഭ്രാന്തായോ”?

ഒന്നും ഞാൻ പറഞ്ഞില്ല. എനിക്ക് പേടിയായിരുന്നു. എനിക്കിഷ്ടമല്ലാത്തതെന്തോ നടക്കുന്നുണ്ടന്നു എനിക്കറിയാം. എന്താണെന്നു എനിക്കറിയില്ല. രാത്രി കണ്ണടച്ചാൽ ഞാൻ മലമ്പാമ്പിനെ കണ്ടു ഞെട്ടി ഉണർന്നു കരഞ്ഞു തുടങ്ങി. അമ്മ മലയങ്കാവിൽ പോയി ചരട് ജപിച്ചു കെട്ടി. ഓണപ്പരീക്ഷക്ക് എല്ലാ വിഷയത്തിനും ഞാൻ തോറ്റു. എനിക്കൊന്നോടി പ്പോണം. എങ്ങോട്ടാണെന്ന് എനിക്കറിയില്ലായിരുന്നു. അതിനുള്ള ധൈര്യവും ഇല്ലായിരുന്നു. എല്ലാ ബുധനാഴ്ചകളിലും എനിക്ക് പുതിയ ഉടുപ്പ് കിട്ടി. ബുധനും വ്യാഴവും മലമ്പാമ്പിന്റെ ദിവസങ്ങൾ ആയിരുന്നു. എന്നെ വരിഞ്ഞു മുറുക്കി കൊല്ലനെത്തുന്ന മലമ്പാമ്പിന്റെ ദിവസങ്ങൾ. അമ്മയുടെ സന്തോഷത്തിന്റെ ദിവസങ്ങൾ എനിക്ക് ദുഖത്തിന്റെ ദിവസങ്ങൾ ആയി. അമ്മ സ്നേഹിക്കുന്നയാൾ എന്നെ ദ്രോഹിക്കുന്ന ചെകുത്താനായി. അമ്മ അണിഞ്ഞൊരുങ്ങുമ്പോൾ എനിക്ക് അറപ്പും സങ്കടവും വന്നു. അങ്ങനെ ഒരു നാൾ രാമുവിന്റെ ചേച്ചി മരിച്ചു. ആ ചേച്ചിയെ ആരോ ഉപദ്രവിച്ചത്രേ.  ഞാൻ പോയി കണ്ടിരുന്നു. പശു തൊഴുത്തിലാണ് മരിച്ചു കിടന്നിരുന്നത്. ഒതളങ്ങ കുരു അരച്ച് തിന്നാണ് മരിച്ചതെന്ന് രണ്ടു ദിവസത്തിന് ശേഷം രാമു പറഞ്ഞു. അന്ന് രാത്രി രാമുവിന്റെ ചേച്ചി എത്തി. അവളുടെ കയ്യിൽ ഒതളങ്ങ കുലകൾ ഉണ്ടായിരുന്നു. അവൾ സന്തോഷവതി ആയിരുന്നു. പിന്നെ ഞാൻ കണ്ടു ഇഴഞ്ഞു വരുന്ന ഒരു മലമ്പാമ്പ്. അവൾ ഒതളങ്ങ രണ്ടായി പിളർന്നു അതിന്റെ കുരുക്കളെടുത്തു മലമ്പാമ്പിന്റെ വായിൽ ഇട്ടുകൊടുത്തു. മലമ്പാമ്പ് അവളെ ചുറ്റിവരിയാൻ നോക്കി. പിന്നെ മണ്ണിൽ കിടന്നുരുണ്ടു. മരണവെപ്രാളം കൊണ്ട് തലയും വാലും ഇട്ട് തല്ലി, നിശ്ചലമായി. അവൾ ചിരിക്കുന്നു. തലമുടി അഴിച്ചിട്ട് ആർത്തു ചിരിക്കുന്നു.  അതൊരു തിങ്കളാഴ്ച ആയിരുന്നു. സ്കൂളിൽ നിന്നും വരുംവഴി ഞാൻ കണ്ടു. നിറയെ കായ്കളുള്ള ഒതളങ്ങ മരം. പിറ്റേന്ന് സ്കൂൾ വിട്ട് എല്ലാവരും പോകാൻ കത്ത് നിന്നു. ഒരു കുല പറിച്ചെടുത്തു. വീട്ടിൽ വന്ന് അത് പിളർന്നു കുരുവെടുത്തു അരച്ചു. അമ്മ മീൻ കറി തലേന്നേ ഉണ്ടാക്കി വെച്ചിരുന്നു.

“മീൻ ചൂടാക്കി കൊടുക്കണം, ഉറിയിലുണ്ട് “

രാവിലെ അമ്മ പണിക്ക് പോയപ്പോൾ പറഞ്ഞു. ഞാൻ അരച്ച ഒതളങ്ങ കായ്കൾ അതിൽ കലക്കി ചട്ടിയെടുത്തു താഴെ വെച്ചു.  പത്തുമണി ചെടികൾ വിരിഞ്ഞപ്പോൾ മലമ്പാമ്പ് എന്നെ വരിഞ്ഞു മുറുക്കി, എന്നത്തേയും പോലെ തന്നെ എന്റെ ശരീരവും മനസ്സും നുറുങ്ങി. ‘നിന്റെ അവസാനം ആണ് ഇന്ന് ‘എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. മലമ്പാമ്പ് ജീവിച്ചിരിക്കരുത്. എന്നത്തേയും പോലെ ഞാൻ അന്ന് കരഞ്ഞില്ല. 

“നിനക്ക് ഇഷ്ടമാകുന്നുണ്ടല്ലേ”

മലമ്പാമ്പ് ചിരിച്ചു. പിന്നെ വിശക്കുന്നെന്ന് മലമ്പാമ്പ് പറഞ്ഞു. അടുക്കളയിൽ ചെന്ന ഞാൻ ഒന്ന് ഞെട്ടി. പിടക്കുന്ന പാറു പൂച്ച. കൈ കാലിട്ടടിക്കുന്ന പാറു പൂച്ച. അടപ്പ് മാറി കിടക്കുന്ന മീൻ ചട്ടി. ആ കൊതിച്ചി ഒരു തരി പോലും ബാക്കി വെക്കാതെ മുഴുവനും തിന്നിരുന്നു. അങ്ങനെ എന്റെ ഒരേ ഒരു കൂട്ടും പോയി

“പാറു പൂച്ച”. 

അയാൾ തിരിച്ചു പോയി. പിറ്റേ ദിവസം രാത്രി വീട്ടിൽ പോലീസ് വന്നു. അമ്മയോട് എന്തെല്ലാമോ പറഞ്ഞു. അമ്മ കരഞ്ഞു. എനിക്കൊന്നും തോന്നിയില്ല. ഏറെ രാത്രിയായി മലമ്പാമ്പ് എത്തി. അന്ന് ഞാൻ ആദ്യമായി കണ്ടു.,  മലമ്പാമ്പ്  അമ്മയെ ചുറ്റിവിരിയുന്നു. പക്ഷെ അമ്മ ചിരിക്കുകയായിരുന്നു. രണ്ടു പേരും ചിരിക്കുന്നു. പിന്നെ അവരുണ്ടാക്കുന്ന വികൃത ശബ്ദങ്ങൾ. കുറേ കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്ത് വന്ന് കിടന്നു. പിന്നെ അയാളും എന്റെ അടുത്ത് വന്ന് കിടന്നു. മലമ്പാമ്പ് എന്നേയും അമ്മയേയും ചേർത്തു പിടിച്ചു. എന്റെ വായ അമർത്തി പിടിച്ച്. എന്റെ നെഞ്ചിലും  മുഖത്തും അയാളുടെ കുറ്റി താടി ഉരച്ചു. അമ്മ ഉറങ്ങി പോയിരുന്നു. രാവിലെ മലമ്പാമ്പ് പോയി. പിന്നെ അറിഞ്ഞു ബസ്സിൽ വെച്ചു പോലീസ് അയാളെ പിടിച്ചു. ഞാൻ ആശ്വസിച്ചു. അന്നു മുതൽ കിട്ടുന്ന പൈസ എല്ലാം കൂട്ടിവെച്ച് അമ്മ വക്കീലിന് കൊടുത്തു. ഒരു കത്തികുത്ത്, അതായിരുന്നു വിഷയം. കുത്ത് കൊണ്ടയാൾ മരിച്ചില്ല. മൂന്ന് കൊല്ലം തടവ്. എല്ലാ രണ്ടാം ശനിയാഴ്ചകളിലും അമ്മയുടെ ഒരുക്കം കാണുമ്പോൾ ഞാൻ മലമ്പാമ്പിനെ ഓർത്തു. അഞ്ചു ദിവസം മുമ്പാണ് ആ ന്യൂസ്‌ എത്തിയത്. മലമ്പാമ്പ് എത്തുന്നു. ശിക്ഷ ഇളവ്. ഇന്നലെ രാത്രി രാമുവിന്റെ പെങ്ങൾ വന്നിരുന്നു, അവൾ പറഞ്ഞു.

“എനിക്ക് ധൈര്യം ഇല്ലായിരുന്നു എന്നെ ദ്രോഹിച്ച മലമ്പാമ്പിനെ കൊല്ലാൻ.  അതുകൊണ്ട് ഞാൻ എന്നെ തന്നെ അങ്ങ് തീർത്തു. നിനക്ക് ധൈര്യം വേണം, നമ്മളല്ല ചാവേണ്ടത്. ചാവേണ്ടത് മലമ്പാമ്പാണ്”

അവൾ സന്തോഷത്തോടെ പോയി, അവളുടെ കൈയ്യിൽ ഒതളങ്ങ കായ്കൾ ഉണ്ടായിരുന്നു. ഞാൻ ഉണർന്നു, ഓർത്തു. ഒതളങ്ങ കായ്കൾ പോരാ, ഈ മലമ്പാമ്പ് ചാവാൻ. അതിനുള്ളത് ഞാൻ കയ്യിൽ കരുതി വെച്ചിട്ടുണ്ട്. വിഷമടിക്കുന്ന ചെല്ലപ്പന്റെ സഞ്ചിയിൽ നിന്നും അടിച്ചുമാറ്റിയ കുപ്പി.

“കൊച്ചേ അതുകൊണ്ട് കളിക്കണ്ട, തട്ടിപോവും പോയി കൈ കഴുക് “

അയാൾ ശകാരിച്ചു, പക്ഷെ അപ്പോഴേക്കും കുപ്പി ഞാൻ അടിച്ചു മാറ്റി കഴിഞ്ഞിരുന്നു. ദിവസങ്ങൾക്കു മുൻപ് അമ്മ ഒരുങ്ങി തുടങ്ങിയപ്പോൾ, ഞാൻ കുപ്പി അവിടെ തന്നെയുണ്ടന്ന് ഒന്ന് കൂടി ഉറപ്പിച്ചു. നാളെ ശിക്ഷ ഇളവുമായി മലമ്പാമ്പ് എത്തുന്നു. അമ്മ ഒരുങ്ങുന്നു. മഞ്ഞു മാറി സൂര്യൻ എത്തിത്തുടങ്ങി.

 “എണീക്ക് ഉറങ്ങിയത് മതി “

ഞാൻ എണീറ്റു. പത്തു മണിക്ക് എറണാകുളത്തുനിന്നുള്ള വണ്ടി എത്തും. “കുളിച്ചിട്ട് കഴിക്ക് “അമ്മ എല്ലാം ഉണ്ടാക്കി കഴിഞ്ഞിരുന്നു. തലേന്ന് തന്നെ വളർത്തിയിരുന്ന പൂവൻ കോഴിയെ കൊന്ന് കറി വെച്ചിരുന്നു. “ഞാൻ അമ്പലത്തിൽ പോയിട്ട് വരാം, ഇപ്പൊ വണ്ടി ഇങ്ങെത്തും വന്നാലുടൻ ഇഡ്ഡലി കൊടുക്കണം, കോഴിക്കറിയും ഞാൻ പെട്ടന്നെത്താം. അമ്മ പോയി. ഞാൻ കോഴികറിയുടെ പാത്രം തുറന്നു. കുപ്പി തുറന്ന് അത് കോഴിക്കറിയിൽ കലർത്തി. ഇളക്കി നോക്കി മണ വ്യത്യാസം ഒന്നുമില്ല. പാറുപൂച്ച ഇല്ല, അമ്മയില്ല. അമ്മ അയാളുടെ ദീർഘയാസിനു വേണ്ടി പ്രാർത്ഥിക്കാൻ പോയി. ഞാൻ അയാൾക്കായി കാത്തിരുന്നു. അമ്മ സ്നേഹിക്കുന്ന മലമ്പാമ്പിനെ, എന്നെ വരിഞ്ഞു മുറുക്കാനെത്തുന്ന മലമ്പാമ്പിനെ. ഞാൻ കുളിച്ചു, പുതിയ പാവാട ഉടുത്തു. പൗഡർ ഇട്ടു, കണ്ണെഴുതി, മുടി ചീവി, കണ്ണാടിയിൽ നോക്കി ചിരിച്ചു. 

“ഞാൻ അമ്മയെ പോലെ സുന്ദരിയാണ് “ 

താഴെ ബസ്സിന്റെ ഹോൺ കേട്ടു. ഞാൻ വാതിൽ തുറന്നു നോക്കി, മുറ്റത്തു പത്തുമണി പൂക്കൾ മുഴുവൻ വിടർന്നു കഴിഞ്ഞു .അതാ അയാൾ വരുന്നു. അവൾ പ്ലേറ്റ് എടുത്തു, ഇഡ്ഡലി എടുത്തു, കോഴിക്കറി എടുത്തു. മലമ്പാമ്പ് വീട്ടിലേക്കു കയറി. “നീ സുന്ദരിയായല്ലോ, ഒരു കൊല്ലം കൊണ്ട് വലുതും ആയി, നീ എന്നെ ഭ്രാന്തനാക്കും”അയാൾ വികൃതമായി ചിരിച്ചു. 

“അമ്മ പറഞ്ഞു കഴിക്കാൻ “

“എടുത്തോ “

അയാൾ പറഞ്ഞു. പ്ലേറ്റിൽ ഇഡ്ഡലി ഇട്ട് കോഴിക്കറി ഒഴിച്ച് കൊടുത്തു. അയാൾ കറിയിൽ ഇഡ്ഡലി കൊഴച്ചു ആർത്തിയോടെ കഴിച്ചു തുടങ്ങി. ഞാൻ വാതിലിൽ ചാരി ചിരിച്ചുകൊണ്ട് നിന്നു. എനിക്ക് മുന്നിൽ ഭിത്തിയിൽ തൂങ്ങിയ കണ്ണാടിയിൽ ഞാൻ എന്നെ കണ്ടു. അയാൾ പറഞ്ഞത് ശരിയാ ഞാൻ സുന്ദരിയായിരുന്നു. അസ്സൽ കൊച്ചു സുന്ദരി, പക്ഷെ ഇനി ഒരു മലമ്പാമ്പിനും ഇരയാകാൻ എനിക്ക് വയ്യ.

Add comment

By Anil